കമ്പമലയില്‍ മാവോവാദി ആക്രമണം; പൊലീസ് സ്ഥാപിച്ച കാമറ തല്ലിത്തകര്‍ത്തു
text_fieldsമാനന്തവാടി: വയനാട് കമ്പമലക്ക് സമീപം വീണ്ടും മാവോവാദി ആക്രമണം. പൊലീസ് സ്ഥാപിച്ച കാമറ തല്ലിത്തകർത്തു. എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന കാമറയാണ് മാവോവാദി സംഘം അടിച്ചുതകര്‍ത്തത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെത്തി കാമറ തകര്‍ത്തത്.
മാവോവാദി സാന്നിധ്യമറിയുന്നതിനായി ഏഴുമാസം മുമ്പ് സ്ഥാപിച്ച കാമറയായിരുന്നു ഇത്. 30 മിനിറ്റോളം ഇവിടെ ചെലവിട്ട സംഘം പിന്നീട് കാടുകയറി.
പാടിയില്‍ താമസിക്കുന്ന സ്ത്രീകളാണ് കാമറ തകര്‍ക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് എത്തിയ തൊഴിലാളികള്‍ക്ക് സി.പി.ഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖകൾ ഇവര്‍ വിതരണം ചെയ്തു. ഇതിനിടയില്‍, നിരന്തര സാനിധ്യംമൂലം പൊലീസും മാവോവാദികളും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പറഞ്ഞയാളുടെ കഴുത്തിന് പിടിച്ച സംഘം മുദ്രാവാക്യം വിളിച്ച് കാട്ടിലേക്ക് മറയുകയായിരുന്നു. സെപ്റ്റംബർ 28ന് വനം വികസന കോര്പറേഷന് ഓഫിസ് സംഘം അടിച്ചുതകര്‍ത്തിരുന്നു. കഴിഞ്ഞ രണ്ടിന് കമ്പമലക്ക് സമീപമുള്ള രണ്ട് വീടുകളിലെത്തി മണിക്കൂറുകള്‍ ചെലവിട്ട് പലചരക്ക് സാധനങ്ങളുമായി മടങ്ങിയിരുന്നു.
പൊലീസ് ജാഗ്രതയിൽ
മാനന്തവാടി: കമ്പമലയിലെത്തിയ മാവോവാദികൾക്കായി തണ്ടർബോൾട്ടും പൊലീസും അരിച്ചുപെറുക്കി തിരച്ചിൽ നടത്തുന്നതിനിടെയാണ് അഞ്ചംഗ സംഘം തലപ്പുഴ പൊയിലിൽ എത്തിയത്. കമ്പമലയിൽനിന്ന് ഏകദേശം രണ്ടു കി.മീ. ദൂരമാണ് പൊയിലിലേക്കുള്ളത്. സംഭവം പൊലീസിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുകയും തിരച്ചിൽ വ്യാപിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജില്ലയിലെ ഡിവൈ.എസ്.പിമാരുടെയും എസ്.എച്ച്.ഒമാരുടെയും യോഗം ചേർന്നു.
തണ്ടർബോൾട്ടിന് പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്പെഷൽ ഓപറേഷൻ ഗ്രൂപ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ആംഡ് റിസർവ് പൊലീസ് എന്നിവയുടെ യൂനിറ്റുകളും ജില്ലയിലെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ലോക്കൽ പൊലീസിന്റെ നേതൃത്വത്തിൽ സായുധ സംഘവും തവിഞ്ഞാലിൽ 24 മണിക്കൂർ പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യു ബ്രാഞ്ചും ജില്ലയിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതായി സൂചനയുണ്ട്. ഒരുമാസം മുമ്പ് പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ മാവോവാദി സംഘം തമ്പടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.