മാവോവാദി ആക്രമണം: പിന്നിൽ പത്തംഗ സംഘം
text_fieldsമാനന്തവാടി: തലപ്പുഴ കമ്പമല തേയിലത്തോട്ടത്തിലെ വനം വികസന കോർപറേഷന്റെ (കെ.എഫ്.ഡി.സി) ഡിവിഷൻ ഓഫിസ് അടിച്ചുതകർത്ത മാവോവാദി സംഘത്തിൽ 10 പേർ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. അഞ്ചു പേരാണ് ഓഫിസിൽ പ്രവേശിച്ചത്. ബാക്കിയുള്ളവർ ഇവർക്ക് സുരക്ഷയൊരുക്കി പുറത്ത് പല സ്ഥലങ്ങളിൽ കാവൽ നിൽക്കുകയായിരുന്നു. ഓഫിസിൽ കയറിയ സി.പി. മൊയ്തീൻ, സോമൻ, ആഷിഖ് എന്ന മനോജ്, സന്തോഷ്, വിമൽ കുമാർ എന്നിവരെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഘം ഓഫിസിലെത്തി ഉപകരണങ്ങൾ അടിച്ചുതകർത്തത്.
കമ്പ്യൂട്ടർ, ഫാൻ, സ്കാനർ, പ്രിൻറർ ഉൾപ്പെടെ സകല സാധനങ്ങളും തകർത്തു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെ.എഫ്.ഡി.സിയുടെ വിലയിരുത്തൽ. ഇതനുസരിച്ചുള്ള റിപ്പോർട്ട് ഡിവിഷൻ ഇൻ ചാർജ് ബാദുഷ നൗഷാദ് കെ.എഫ്.ഡി.സി എം.ഡിക്ക് സമർപ്പിച്ചു. ആറു മാവോവാദികൾക്കെതിരെ യു.എ.പി.എ നിയമപ്രകാരവും ആയുധം കൈവശംവെച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. തണ്ടർബോൾട്ടും പൊലീസും വെള്ളിയാഴ്ച കമ്പമല, മക്കിമല, അമ്പായത്തോട് പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തി. സംഘത്തിൽ ഉണ്ടായിരുന്ന വിമൽകുമാർ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തൃശൂർ സ്വദേശിയായ മനോജ് ഒരു വർഷം മുമ്പാണ് സംഘത്തിൽ ചേർന്നത്.
ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച പാടികളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തൊഴിലാളികളെ അർബുദ രോഗികളാക്കുന്ന ആസ്ബസ്റ്റോസ് മേൽക്കൂര മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാവോവാദികൾ വനം വികസന ഓഫിസിൽ പോസ്റ്റർ പതിക്കുകയും ഓഫിസ് അടിച്ച് തകർക്കുകയും ചെയ്തത്. കർണാടകയിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗം കമ്പമലയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. കർണാടകക്കാരായ എട്ടു മാവോവാദികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കർണാടക പൊലീസിന്റെ നിഗമനം. പശ്ചിമഘട്ട മേഖലയുടെ ചുമതലയുണ്ടായിരുന്ന സജ്ജയ് ദീപക്കിനെ രണ്ടാഴ്ച മുമ്പ് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലൂടെ സംഘടന ഇല്ലാതായിട്ടില്ലെന്ന് തെളിയിക്കാനാണോ ഈ ആക്രമണം നടത്തിയതെന്നുകൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. കെ.എഫ്.ഡി.സി ചെയർമാനും മാനേജിങ് ഡയറക്ടറും അടുത്ത ദിവസം സ്ഥലം സന്ദർശിക്കും.
വയനാട്ടിൽ വീണ്ടും മാവോവാദി ആക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്
വയനാട്ടിൽ വീണ്ടും മാവോവാദി ആക്രമണത്തിനു സാധ്യതയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. കമ്പമല ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തിരുനെല്ലിയിലാണ് സാധ്യത ഏറെയെന്നും സർക്കാർ ഓഫിസുകൾക്ക് സുരക്ഷ ഒരുക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായാണ് സൂചന. കമ്പമല ആക്രമണം സർക്കാറിന്റെയും ജനങ്ങളുടെയും ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചാവിഷയമാവുകയും ചെയ്തതായാണ് മാവോവാദികളുടെ വിലയിരുത്തലെന്നാണ് പൊലീസ് അനുമാനം. അതുകൊണ്ട് ഇത്തരം വിഷയമുയർത്തി ആക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.