നിലമ്പൂര്‍ വെടിവെപ്പ്: പാസിങ് ഒൗട്ട് പരേഡ് കഴിഞ്ഞ വനിത ബാച്ചിന് ‘മാവോവാദി’ ക്ലാസും
text_fieldsപാലക്കാട്: സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം ശക്തമായ സാഹചര്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിത പൊലീസ് ബാച്ചിന് ആന്‍റി നക്സല്‍ ക്യാമ്പില്‍ പ്രത്യേക ക്ളാസ് നിര്‍ബന്ധമാക്കി.
പാലക്കാട് കെ.എ.പി രണ്ട് ബറ്റാലിയനില്‍ പാസിങ് ഒൗട്ട് പരേഡിന് ശേഷമത്തെിയ 45 അംഗ വനിത സംഘത്തെ മലപ്പുറം അരീക്കോട്ടെ ക്യാമ്പിലേക്ക് കൂടുതല്‍ പരിശീലനത്തിനയക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഡി.ജി.പിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണിത്. ഡിസംബര്‍ ഏഴുവരെ ഈ ബാച്ച് അരീക്കോട് ക്യാമ്പില്‍ പരിശീലനത്തിനുണ്ടാകുമെന്നാണറിയുന്നത്. റെയ്ഡ് നടക്കുമ്പോള്‍ വനിത പൊലീസ് സാന്നിധ്യം ഉറപ്പാക്കാന്‍ വിജിലന്‍സിലേക്ക് അടുത്തിടെ വനിതകളെ നിയോഗിച്ചിരുന്നു.
ഇതിന്‍െറ തുടര്‍ച്ചയായി മാവോവാദി വേട്ടക്ക് നിയോഗിക്കപ്പെട്ട പൊലീസ് വിഭാഗത്തിലും വനിതകളെ നിയോഗിക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസിന്‍െറ വെടിയേറ്റ് മരിച്ച രണ്ട് മാവോവാദികളില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു.
അട്ടപ്പാടി അടക്കമുള്ള വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘത്തിലും വനിതകളുണ്ടെന്ന് ആദിവാസി ഊരുകളില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ പരിശീലനത്തിനും പാസിങ് ഒൗട്ട് പരേഡിനും ശേഷം കഴിഞ്ഞദിവസമാണ് 45 പേരുള്ള വനിത ബാച്ച് പാലക്കാട് മുട്ടിക്കുളങ്ങരയിലെ കെ.എ.പി രണ്ട് ബറ്റാലിയനില്‍ എത്തിയത്.
പുതിയ ഡ്യൂട്ടി സംബന്ധിച്ച ഉത്തരവ് നല്‍കുകയും ബറ്റാലിയനിലെ നടപടിക്രമങ്ങളെക്കുറിച്ച് പരിശീലനം നല്‍കുകയുമാണ് പതിവ്. എന്നാല്‍, ഡിസംബര്‍ ഒന്നിന് മുട്ടിക്കുളങ്ങരയിലത്തെിയ ബാച്ചിന് ഉത്തരവ് ലഭിച്ചില്ല.
കുറച്ച് ദിവസം കൂടി പരിശീലനത്തിന് വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മുമ്പ് നല്‍കിയ പരിശീലനത്തില്‍ ലഭിക്കാത്ത കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്യുന്നതെന്ന് മുട്ടിക്കുളങ്ങര ക്യാമ്പ് കമാന്‍ഡന്‍റ് സിറില്‍ സി. വള്ളൂര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.