മൃതദേഹങ്ങള്‍ രണ്ടു ദിവസംകൂടി മോര്‍ച്ചറിയില്‍
text_fields
കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളുടെ മൃതദേഹം രണ്ടു ദിവസംകൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
ബന്ധുക്കളെ കണ്ടത്തൊനാവാത്ത അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം പൊലീസ് തള്ളി. മൃതദേഹങ്ങള്‍ റീപോസ്റ്റ്മോര്‍ട്ടം നടത്താനുള്ള ആവശ്യവുമായി കുപ്പു ദേവരാജിന്‍െറ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഹൈകോടതിയെ സമീപിക്കും.
മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജ് (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന കാവേരി എന്ന അജിത (46) എന്നിവരുടെ മൃതദേഹമാണ് നവംബര്‍ 25 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹങ്ങള്‍ റീപോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആവശ്യം തള്ളി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് മഞ്ചേരി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും കുപ്പു ദേവരാജിന്‍െറ സഹോദരനും ചൊവ്വാഴ്ച രാവിലെതന്നെ മോര്‍ച്ചറി പരിസരത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മൃതദേഹം രണ്ടു ദിവസംകൂടി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ഡി. ശ്രീധരനാണ് അപേക്ഷ നല്‍കിയത്.
തമിഴ്നാട്ടിലും കര്‍ണാടകയിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ അമ്മക്കും മറ്റു ബന്ധുക്കള്‍ക്കും എത്താനായിട്ടില്ളെന്നുമായിരുന്നു കുപ്പു ദേവരാജിന്‍െറ സഹോദരന്‍െറ അപേക്ഷ. അവര്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ച ശേഷമേ മൃതദേഹം സംസ്കരിക്കാനാവൂ.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂഷിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ തയാറാണെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. സജീവനുമാണ് ശ്രീധരന്‍ അപേക്ഷ ല്‍കിയത്.
അജിത എന്ന കാവേരിയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ചയും മൃതദേഹം കാണാനോ ഏറ്റെടുക്കാനോ എത്തിയില്ല. ഈ മൃതദേഹം പൊലീസ് തന്നെ സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദേവരാജിന്‍െറ മൃതദേഹം രണ്ടു ദിവസംകൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ അജിതയുടെ മൃതദേഹവും സൂക്ഷിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഈ ദിവസത്തിനുള്ളില്‍ ബന്ധുക്കള്‍ വന്നാല്‍ അവര്‍ക്ക് വിട്ടുകൊടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.
അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നു. പൊലീസ് ഈ ആവശ്യം അംഗീകരിച്ചില്ല. നിയമാനുസരണം അടുത്ത രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമേ വിട്ടുകൊടുക്കാന്‍ നിര്‍വാഹമുള്ളൂ എന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. സജീവന്‍ രേഖാമൂലം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.