മാവോവാദി ഏറ്റുമുട്ടൽ: അവസാന മൃതദേഹവും കൊണ്ടു പോയി
text_fieldsമുളങ്കുന്നത്തുകാവ്: പാലക്കാട് മഞ്ചക്കണ്ടിയിൽ പൊലീസ് വെടിെവച്ചുകൊന്ന മാവോവാദികളിൽ അരവിന്ദ് എന്ന ശ്രീനിവാസിെൻറ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
ഇതോടെ, എല്ലാ മാവോവാദികളുടെയും മൃതദേഹം മെഡിക്കൽ കോളജിൽനിന്ന് മാറ്റി. മെഡിക്കൽ കോളജിന് ഏർപ്പെടുത്തിയ പ്രത്യേക പൊലീസ് സുരക്ഷയും പിൻവലിച്ചു. അരവിന്ദ് എന്ന പേരിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒമ്പതിന് മാധ്യമങ്ങളിൽ ഫോട്ടോ കണ്ടതനുസരിച്ച് സഹോദരങ്ങൾ എത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞിരുന്നു. ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിളും നൽകിയിരുന്നു.
രക്തസാമ്പിൾ ശരിവെച്ച് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് സഹോദരങ്ങളായ ജയരാമനും രാജഗോപാലും എത്തി മൃതദേഹം ഏറ്റുവാങ്ങിയത്.നേരേത്ത, മണിവാസകത്തിനും കഴിഞ്ഞ ദിവസം പൊലീസ് സംസ്കരിച്ച വനിതക്കും അന്ത്യാഭിവാദ്യമർപ്പിക്കാൻ പൗരാവകാശ പ്രവർത്തകർക്ക് അനുവാദം നൽകിയിരുന്നു.
എന്നാൽ, ശ്രീനിവാസിെൻറ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്കൊപ്പം എത്തിയ പ്രവർത്തകരെ അകത്ത് പ്രവേശിപ്പിക്കുകയോ, അന്ത്യാഭിവാദ്യ ചടങ്ങുകൾക്ക് അനുമതി നൽകുകയോ ചെയ്തില്ല. അന്ത്യാഭിവാദ്യത്തിന് അവസരം നൽകാതിരുന്നത് പ്രതിഷേധാർഹമാണെന്നും ഇടത് സർക്കാറിെൻറ വികൃത രാഷ്ട്രീയ സംസ്കാരമാണെന്നും ‘പോരാട്ടം’ സംസ്ഥാന കൺവീനർ പി.പി. ഷാേൻറാലാൽ പറഞ്ഞു.
ഒക്ടോബർ 28നാണ് മഞ്ചക്കണ്ടിയിൽ തണ്ടർ ബോൾട്ടിെൻറ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് മാവോവാദികൾ കൊല്ലപ്പെട്ടത്. മണിവാസകത്തിെൻറയും കാർത്തിയുടെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് സ്ത്രീയുടെ മൃതദേഹം ഗുരുവായൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.