മാവോവാദികൾക്കെതിരെ നടക്കുന്നത് യുദ്ധമെന്ന് ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: സായുധസമരത്തെ വരിക്കുന്ന മാവോവാദികൾക്ക്, സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന മനുഷ്യാവകാശം വേണമെന്ന് പറയുന്നത് യുക്തിയല്ലെന്നും ഇവർ യഥാർഥ ഭീകര വാദികളാണെന്നും പ്രഖ്യാപിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി. തോക്കുമെടുത്ത് ജനങ്ങളെ കൊല്ലാൻ നടക്കുന്നവർ നമ്മുടെ സഹോദരങ്ങളാണെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ്, ഇത്തരം 16 സംഘടനകൾ നിരീക്ഷണത്തിലാണെന്നുള്ള ഗുരുതര ആരോപണവും ഉന്നയിച്ചു. കൊല്ലാനും കൊല്ലപ്പെടാനും സാധ്യതയുള്ള, യുദ്ധസമാന അവസ്ഥയാണിത് -‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിൽ പേരും പദവിയുംവെച്ച് എഴുതിയ ലേഖനത്തിൽ ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. മാവോവാദിവേട്ടയുടെ പേരിൽ നടക്കുന്ന പൊലീസ് നടപടിക്കെതിരെ ഭരണമുന്നണിക്കകത്തും പുറത്തും വിമർശനമുയർന്ന സാഹചര്യത്തിൽതന്നെയാണ്, സര്ക്കാറിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥൻ ഈ നിലപാടുമായി രംഗത്തുവരുന്നത്.
ഇതു സർക്കാർ നിലപാടുതന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലു മാവോവാദികളെ പാലക്കാട് മഞ്ചിക്കണ്ടിയിൽ വധിച്ചത് ന്യായീകരിച്ചാണ് ‘ഇത് യുദ്ധസമാനം: കൊല്ലേണാ കൊല്ലപ്പെടണോ’ എന്ന തലക്കെട്ടിൽ ചീഫ് സെക്രട്ടറിയുടെ ലേഖനം.ഭീകരവാദികേളാട് സജീവ അനുഭാവം പ്രകടിപ്പിക്കുന്നതും നഗരമേഖലകളിൽ പ്രവർത്തിക്കുന്നതുമായ 16 സംഘടനകളെ കേരളത്തിലെ ഇൻറലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പറയുന്ന ചീഫ് സെക്രട്ടറി പക്ഷേ, ഇവ ഏതു സംഘടനകളാണെന്നോ പ്രവർത്തിക്കുന്നത് നിയമവിധേയമായാണോ എന്നും വ്യക്തമാക്കിയില്ല. ഇതാദ്യമായാണ് കേരളത്തിലെ നഗരങ്ങളിൽ ഇത്തരം സംഘടനകളുണ്ടെന്ന് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്. ലേഖനത്തിെൻറ സംഗ്രഹം: നമുക്കിടയിൽ ഭീകരപ്രവർത്തകർ പല രൂപത്തിലും പ്രത്യക്ഷപ്പെടും. സൗമ്യവും നിഷ്കളങ്കവും എന്ന് തോന്നിപ്പിക്കുമെങ്കിലും മാരകവും കഠിനഹൃദയരുമാണവർ. നിരപരാധികൾക്കെതിരെ ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുന്ന ഇവർ ഭീകരവാദികളുടെ മനുഷ്യമുഖമാണ്.
ഇത്തരം ഭീകരവാദശക്തികളിൽനിന്ന് നിയമം അനുസരിക്കുന്ന സമാധാനം കാംക്ഷിക്കുന്ന പൗരന്മാരെ സംരക്ഷിക്കുകയാണ് ഭരണകൂടത്തിെൻറ ഉത്തരവാദിത്തം. അഗളി വെടിവെപ്പിൽ സുരക്ഷാസേന മാവോവാദി തീവ്രവാദികളുടെ കടന്നാക്രമണത്തിൽനിന്ന് പൗരന്മാരെ സംരക്ഷിക്കുക എന്ന ദൗത്യം മാത്രമേ നിറവേറ്റിയിട്ടുള്ളൂ. ജനാധിപത്യസർക്കാറിനെ സായുധവിപ്ലവത്തിലൂടെ അട്ടിമറിച്ച് 2050ഒാടെ രാജ്യത്തെ മുഴുവൻ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുകയെന്നതാണ് സി.പി.െഎ(മാവോയിസ്റ്റ്)െൻറ ലക്ഷ്യം. കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവരുടെ പ്രവർത്തനം. അയൽസംസ്ഥാനങ്ങളിൽ കാര്യങ്ങൾ ദുഷ്കരമായതോടെ സുരക്ഷിതസ്ഥലമായി കേരളത്തെയാണ് ഉപയോഗിക്കുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല. നമ്മുടെ സുരക്ഷാസേന മാേവാവാദികളുമായി പലതലത്തിലുള്ള പോരാട്ടത്തിലാണ്. ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ കൊല്ലപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.