മാവോവാദി: ‘ദളങ്ങള്‍’ക്ക് കരുത്തേകാന്‍ സംഗമം നടന്നത് അട്ടപ്പാടിയില്‍
text_fieldsപാലക്കാട്: മാവോവാദികളുടേതായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ‘ദളങ്ങള്‍’ കരുത്തുറ്റതാക്കാന്‍ തീരുമാനമുണ്ടായത് രണ്ടുമാസം മുമ്പ് അട്ടപ്പാടിയില്‍ നടന്ന സംഗമത്തില്‍. സൈലന്‍റ്വാലി താഴ്വരയില്‍ കരുവാര ആദിവാസി ഊരിന് മുകളിലെ വനമേഖലയില്‍ നടന്ന സംഗമത്തിലായിരുന്നു തീരുമാനം.
ഇതില്‍ പങ്കെടുത്ത നാടുകാണി ദളത്തില്‍പെട്ട രണ്ടുപേരാണ് കഴിഞ്ഞദിവസം നിലമ്പൂര്‍ വനത്തില്‍ വെടിയേറ്റ് മരിച്ചതെന്നാണറിയുന്നത്. നാല് വര്‍ഷമായി അട്ടപ്പാടി വനത്തില്‍ സാന്നിധ്യമറിയിക്കുന്ന മാവോവാദികള്‍ ഭവാനി ദളമെന്നും വയനാടന്‍ കാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കബനി ദളമെന്നും നിലമ്പൂര്‍ വനത്തിലുള്ളവര്‍ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്. മാവോവാദികളുടെ കേന്ദ്രസമിതി തന്നെയാണ് പേരുകള്‍ നല്‍കിയതെന്ന് ഇവരുടെ ലഘുലേഖകളില്‍ പറയുന്നു.
പുറമെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി ഓരോ ദളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശിരുവാണി മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ദളസംഗമം തീരുമാനമെടുത്തിരുന്നെന്ന വിവരവും ഇന്‍റലിജന്‍സിന് ലഭിച്ചിരുന്നു.
അട്ടപ്പാടിയിലാകെയുള്ള 192 ആദിവാസി ഊരുകളില്‍ കേവലം 19 ഊരുകള്‍ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയുന്ന ഭവാനിദളത്തിന്‍െറ പ്രവര്‍ത്തനം. കുറുമ്പ വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്നവയാണ് വനപ്രദേശങ്ങളില്‍ മാത്രമുള്ള ഈ ഊരുകള്‍. ദളത്തിന്‍െറ തലപ്പത്ത് വയനാട് തിരുനെല്ലി സ്വദേശി സോമനാണെന്നാണ് ഇന്‍റലിജന്‍സ് ഭാഷ്യം.
എന്നാല്‍, കറുത്ത് മെലിഞ്ഞ സോമനെ മുമ്പ് കണ്ടിട്ടുള്ള ആദിവാസികള്‍ക്ക് സായുധസംഘത്തിന് നേതൃത്വം നല്‍കാന്‍ മാത്രം കായികശേഷി ഇയാള്‍ക്കുണ്ടോ എന്ന സംശയമുണ്ട്. വനിതകളടക്കമുള്ള ഭവാനി ദളക്കാര്‍ ഊരുകളില്‍ പലതവണ വരികയും ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിപ്പോവുകയും ചെയ്യുന്നുണ്ടെങ്കിലും അക്രമകാരികളാവുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ളെന്നാണ് പുതൂരിലെ കുറുമ്പ ഊരുകാര്‍ പറയുന്നത്.
ആദിവാസികളുടെ പ്രശ്നങ്ങള്‍ പറഞ്ഞത്തെുന്ന മാവോവാദികളെ ഒറ്റിക്കൊടുക്കാനോ, എതിര്‍ക്കാനോ ഊരുകാര്‍ തയാറായിട്ടില്ല. എന്നാല്‍, ആശയപ്രചാരണം നടത്തിയിട്ടും ആദിവാസികളെ വശീകരിക്കാന്‍ മാവോവാദികള്‍ക്കും കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ ഭവാനി ദളത്തില്‍ നിന്നുള്ളവര്‍ വന്നത് ഒരാഴ്ച മുമ്പ് താഴെ ഭൂതയാര്‍ ഊരിലാണ്. രണ്ട് സ്ത്രീകളടക്കം അഞ്ച് പേരായിരുന്നു സംഘത്തില്‍. മുക്കാലിക്ക് സമീപം 2015 ഫെബ്രുവരി 13 ന് ബെന്നി എന്ന വ്യക്തി കൊല്ലപ്പെട്ടതിന്‍െറ ഉത്തരവാദിത്തം പൊലീസ് മാവോവാദികളുടെ തലയില്‍ കെട്ടിവെച്ചെന്ന ആക്ഷേപം ഇപ്പോഴുമുണ്ട്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അഗളി സ്റ്റേഷന്‍ കേന്ദ്രീകരിച്ച് മാവോവാദി തെരച്ചിലിനായി 25 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരാളെപ്പോലും പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.