സി.പി.എമ്മിന്‍േറത് കുറ്റകരമായ മൗനം
text_fieldsകോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ രണ്ടു മാവോവാദി നേതാക്കളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ മുഖ്യഭരണകക്ഷിയായ സി.പി.എം പുലര്‍ത്തുന്നത് കുറ്റകരമായ മൗനം. രാജ്യത്ത് മറ്റു ഭാഗങ്ങളില്‍ ഇത്തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടക്കുമ്പോള്‍ ശക്തമായി പ്രതികരിച്ചിരുന്ന സി.പി.എം സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. ഇതേസമയം, സി.പി.ഐ ഏറ്റുമുട്ടല്‍ കൊലക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
1970ല്‍ തിരുനെല്ലി വനത്തില്‍ നക്സലൈറ്റ് നേതാവ് എ. വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊന്നപ്പോള്‍ അന്നു പ്രതിപക്ഷത്തായിരുന്ന സി.പി.എം അതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. സി.പി.ഐയുടെ സി. അച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. വര്‍ഗീസിന്‍േറത് പൊലീസ് നടത്തിയ കൊലപാതകമാണെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആരോപിച്ചു. മുഖ്യധാരാ പത്രങ്ങള്‍ അന്ന് വര്‍ഗീസ് വധം ആഘോഷിച്ചപ്പോള്‍ വര്‍ഗീസിനെ കൈയും കാലും കെട്ടിയിട്ടു വെടിവെച്ചു കൊന്നു എന്നാണ് പിറ്റേന്നിറങ്ങിയ ദേശാഭിമാനി ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തത്.
മൂന്നു പതിറ്റാണ്ടിനുശേഷം വര്‍ഗീസിനെ വെടിവെച്ചു കൊന്ന പൊലീസുകാരന്‍ കുറ്റം ഏറ്റുപറഞ്ഞപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ഇ.കെ. നായനാരുടെ സര്‍ക്കാറായിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ സി.പി.എം പൊതുവില്‍ സ്വീകരിക്കുന്ന ആര്‍ജ്ജവത്തോടെയുള്ള സമീപനം നിലമ്പൂരിലെ മാവോവാദി വേട്ടയുടെ കാര്യത്തില്‍ കണ്ടില്ല. തീവ്രവാദികള്‍, ഭീകരര്‍, നക്സലൈറ്റുകള്‍ എന്നിങ്ങനെ പലവിധ വിശേഷണങ്ങള്‍ ചാര്‍ത്തി വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആളുകളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാടാണ് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ആന്ധ്ര, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ ഇരകളുടെ പക്ഷത്തായിരുന്നു സി.പി.എം. ഏറ്റവുമൊടുവില്‍ ഭോപാലില്‍ ജയിലില്‍ കിടന്നിരുന്ന എട്ടു സിമി പ്രവര്‍ത്തകരെ പൊലീസ് വധിച്ച സംഭവത്തിലും ശക്തമായ പ്രതികരണം സി.പി.എം നേതൃത്വത്തില്‍ നിന്നുണ്ടായി. എന്നാല്‍, നിലമ്പൂരിലെ മാവോവാദി വേട്ടയില്‍ ആഭ്യന്തരവകുപ്പിന്‍െറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായ അഭിപ്രായ പ്രകടനം നടത്തുകയോ ഇതുവരെ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്തിട്ടില്ല. സംസ്ഥാന പൊലീസ്മേധാവി ഇതൊരു നേട്ടമായാണ് വിലയിരുത്തിയത്.
ഒരാള്‍ മാവോവാദി ആണെന്നത് പൊലീസിനു വെടിവെച്ചു കൊല്ലാനുള്ള ന്യായീകരണമല്ളെന്നു വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. സായുധരായ മാവോവാദികള്‍ ആക്രമിച്ചപ്പോള്‍ മറ്റു മാര്‍ഗമില്ലാതെയാണ് ഇരുവരെയും വധിച്ചതെന്നു വിശ്വസനീയമായി ബോധ്യപ്പെടുത്താന്‍ കഴിയാത്തിടത്തോളം കേരള പൊലീസിനും സര്‍ക്കാറിനും തീരാ കളങ്കമായിരിക്കും ഈ ഇരട്ടക്കൊല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.