മാവോവാദി ജലീൽ വധം: പൊലീസ് വാദത്തിന് ഫോറൻസിക് റിപ്പോർട്ടിൽ തിരിച്ചടി
text_fieldsകൽപറ്റ: വയനാട് ലക്കിടിയിലെ റിസോർട്ടിൽ കഴിഞ്ഞ വർഷം മാർച്ചിൽ മാവോവാദി സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന പൊലീസ് വാദത്തിന് ഫോറൻസിക് റിപ്പോർട്ടിൽ തിരിച്ചടി. ജലീലിെൻറ തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ജലീൽ ഉപയോഗിച്ചെന്ന് പറയുന്ന റൈഫിളിൽ നിന്ന് വെടിപൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, പൊലീസ് ഹാജരാക്കിയ സർവിസ് തോക്കുകളിൽ ഒമ്പത് എണ്ണത്തിൽനിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും പറയുന്നു. ജലീലിെൻറ വലതു കൈയിൽ വെടിമരുന്നിെൻറ അവശിഷ്ടം കണ്ടെത്തിയിട്ടുമില്ല.
റിപ്പോർട്ടിൽ 26ാമതായാണ് ജലീലിെൻറ നാടൻ തോക്കിനെ പരാമർശിക്കുന്നത്. 38ാം പേജിൽ 27ാമത്തെ കണ്ടെത്തലായി തോക്കിെൻറ ബാരലിൽ വെടിമരുന്നിെൻറ സാന്നിധ്യം ഇല്ലെന്ന് വ്യക്തതമാക്കിയിട്ടുണ്ട്. സ്വയംരക്ഷക്ക് പൊലീസ് തിരിച്ചുവെടിവെച്ചു എന്ന വാദം ഇതോടെ പൊളിയുന്നു. പൊലീസുകാരുടെ 7.62 എം.എം കാലിബറുള്ള സർവിസ് റൈഫിളുകൾ ഉപയോഗിച്ചതായി പറയുന്നുണ്ട്.
ജലീലിെൻറ ഇടതു കൈയിൽ ലെഡിെൻറ അംശം ഉള്ളതായി റിപ്പോർട്ടിൽ പറയുണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇടതു, വലതു കൈകളിലെ പരിശോധനയിൽ വെടിമരുന്നിെൻറ അംശം കണ്ടെത്തിയിട്ടില്ലെന്ന് ജലീലിെൻറ ബന്ധുക്കൾ പറഞ്ഞു. പൊലീസ് റിപ്പോർട്ട് പ്രകാരം വൈത്തിരി സ്റ്റേഷൻ ഓഫിസറും അഞ്ച് തണ്ടർ ബോൾട്ടുകാരും ഉൾപ്പെടെ ആറു പേരാണ് വെടിവെപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ, പരിശോധനക്ക് 14 തോക്കുകൾ പൊലീസ് ഹാജരാക്കിയിട്ടുണ്ട്.
2019 മാർച്ച് ഏഴിനാണ് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ ജലീൽ കൊല്ലപ്പെട്ടത്. തോക്കുമായെത്തിയ ജലീൽ വെടിവെച്ചപ്പോൾ തിരികെ വെടിവെച്ചു എന്നാണ് പൊലീസ് വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ ഫോറൻസിക് ലാബ് വയനാട് ജില്ല കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും കുടുംബാംഗങ്ങൾ നടത്തിയ നിയമപരമായ ഇടപെടൽ വഴിയാണ് പുറത്തുവന്നത്.
കണ്ണൂർ ക്രൈംബ്രാഞ്ച് യൂനിറ്റ് അന്വേഷണം തുടരുകയാണെന്നാണ് വയനാട് പൊലീസ് മേധാവി കോടതിയെ അറിയിച്ചത്. ജലീലിെൻറ ബന്ധുക്കൾ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. വ്യാജ ഏറ്റുമുട്ടൽ കൊലക്കെതിരെ നിയമ നടപടി തുടരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.