മാവോവാദി നേതാവ് സന്തോഷ് തമിഴ്നാട്ടിൽ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മാവോവാദി നേതാവ് സന്തോഷ് തമിഴ്നാട്ടിൽ അറസ്റ്റിൽ. കേരളത്തിൽനിന്നുള്ള എ.ടി.എസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ് ) ആണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ പ്രതിയാണ് സന്തോഷ്. മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ചതിൽ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനീ ദളത്തിലെ കണ്ണിയാണ് ഇദ്ദേഹം.
ഇന്ന് പുലർച്ചെ തമിഴ്നാട്ടിലെ ഹോസൂരിൽ നിന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തതായി എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു. പീപ്പിൾ ലിബറേഷൻ ഗറില്ല ആർമിയുടെ ( പി.എൽ.ജി.എ) കേഡറായ സന്തോഷിനെ അറസ്റ്റ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ ട്രൈ ജംഗ്ഷൻ മേഖലയിലെ മാവോയിസ്റ്റ് പി.എൽ.ജി.എ പ്രവർത്തനങ്ങളിൽ സന്തോഷ് പ്രധാന കണ്ണിയായിരുന്നു. 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സന്തോഷ് സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യു.എ.പി.എ കേസുകളിൽ പ്രതിയാണ്.
2024 ജൂലൈയിൽ സന്തോഷ് സഹമാവോയിസ്റ്റ് പ്രവർത്തകരായ സി.പി. മൊയ്തീൻ, പി.കെ. സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി എ.ടി.എസ് സേനക്ക് സി.പി. മൊയ്തീൻ, പി.കെ. സോമൻ, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ, സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം, എ.ടി.എസ് സേനയുടെ നിരന്തര ശ്രമഫലമായാണ് അയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.
2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എ.ടി.എസ്, കേരള എസ്.ഒ.ജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ പി.എൽ.ജി.എ മാവോവാദി പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്. തുടർച്ചയായ ഇന്റലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണത്തിലൂടെയും ആണ് ഈ നേട്ടം കൈവരിക്കാൻ സേനകൾക്ക് സാധിച്ചതെന്നും സംസ്ഥാന പൊലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആർ. പ്രവീണ്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.