കെ റെയിലിനെതിരെ പുതുപ്പാടിയില്‍ മാവോവാദി പോസ്റ്ററുകള്‍
text_fieldsതാമരശ്ശേരി: കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് പുതുപ്പാടി മട്ടിക്കുന്നില്‍ മാവോവാദി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മട്ടിക്കുന്നിലെ ബസ് സ്റ്റോപ്പിലും സമീപത്തുമാണ് ശനിയാഴ്ച രാത്രി സി.പി.ഐ മാവോവാദി സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷിഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്റര്‍ ആഹ്വാനംചെയ്യുന്നത്.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബി.ജെ.പി-സി.പി.എം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നത്. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ-റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷിഭൂമി നശിപ്പിക്കുന്ന മോദി-പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ എന്നും പോസ്റ്ററുകളിൽ കുറ്റപ്പെടുത്തുന്നു.
മുമ്പും മാവോവാദിസാന്നിധ്യമുണ്ടായ പ്രദേശമാണ് മട്ടിക്കുന്ന്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ്, ഇൻസ്പെക്ടർ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസും തണ്ടർബോൾട്ട് സേനാംഗങ്ങളും മട്ടിക്കുന്ന് വനമേഖലയിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.