മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം: കോഴിക്കോട്ടും മലപ്പുറത്തും എൻ.ഐ.എ റെയ്ഡ്
text_fieldsകോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പരിയങ്ങാട് എൻ.ഐ.എ സംഘം റെയ്ഡ് നടത്തി. പ്രദേശത്തെ ഒരു പഴയ വാടക വീട്ടിലാണ് റെയ്ഡ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് എൻ.ഐ.എ സംഘം റെയ്ഡ് തുടങ്ങിയത്. വയനാട് സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട് സ്വദേശിയുമാണ് ഇവിടെ താമസിക്കുന്നത്. ഒരാൾ വല്ലപ്പോഴും വന്ന് പോകാറുമുണ്ട്. ഇവർ പ്രദേശത്ത് ട്യൂഷൻ സെൻറർ നടത്തി വരികയാണ്. എല്ലാവരും ബി.ടെക് ബിരുദധാരികളാണ്.
ചെറുകുളത്തൂർ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കൾ ഒന്നരമാസം മുമ്പാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിലെത്തിയത്. ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡ് നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ബിജിത്ത്, എൽദോ എന്നിവരെ എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാലക്കാട് സ്വദേശി സജിത്ത് നാട്ടിൽ പോയതാണെന്നാണ് ലഭിക്കുന്ന വിവരം. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് അലൻ, താഹ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന സൂചന.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി.പി ജലീലിൻെറ മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിലും തറവാട് വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഒമ്പത് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, ഒരു ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായാണ് പൊലീസ് നൽകുന്ന വിവരം. പാണ്ടിക്കാട്, വണ്ടൂർ സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.