മാവോവാദി സാന്നിധ്യം; ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ
text_fieldsഇരിട്ടി: മാവോവാദി സാന്നിധ്യം സംശയിക്കുന്ന കേരള-കർണാടക വനമേഖലയോട് ചേർന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷൻ പരിധിയിലെ ആറ് പൊലീസ് സ്റ്റേഷനുകൾക്കുകൂടി ഇനി തോക്കേന്തിയ പ്രത്യേക സായുധ സേനയുടെ കനത്ത സുരക്ഷ.
ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ്, അതേ വളപ്പിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫിസ്, ഇരിട്ടി പൊലീസ് സ്റ്റേഷൻ, ഉളിക്കൽ പൊലീസ് സ്റ്റേഷൻ, പേരാവൂർ സബ് ഡിവിഷനിലെ കേളകം പേരാവൂർ, മുഴക്കുന്ന് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് കനത്ത സുരക്ഷയൊരുക്കുന്നത്.
കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തേ സുരക്ഷയൊരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് വളപ്പിൽ പ്രവർത്തിക്കുന്ന ഇരിട്ടി പൊലീസ് സ്റ്റേഷൻ, സർക്കിൾ ഓഫിസ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഇതേ വളപ്പിലെ നിലവിലുള്ള മതിലിനു പുറമെ പുതുതായി പത്തടിയോളം ഉയരത്തിൽ നിർമിക്കുന്ന മതിലിന്റെയും മുള്ളുകമ്പിവേലിയുടെയും നിർമാണം പൂർത്തീകരിച്ചുകഴിഞ്ഞു.
ഇവിടെ പ്രത്യേക പ്രവേശന കവാട നിർമാണവും അവസാന ഘട്ടത്തിലാണ്. കേരള-കർണാടക അതിർത്തിപ്രദേശത്തോട് ചേർന്ന് അന്തർ സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന പ്രധാന പൊലീസ് കാര്യാലയമെന്ന പ്രത്യേക പരിഗണനയിലാണ് ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് ഉൾപ്പെടുന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷൻ ഓഫിസും അനുബന്ധ ഓഫിസിലും കനത്ത സുരക്ഷയൊരുക്കുന്നത്.
രാത്രി നിരീക്ഷണത്തിന് പ്രത്യേക വാച്ച് ടവർ നിർമാണവും പൂർത്തിയായി. ഇരിട്ടി സബ് ഡിവിഷനൽ ഓഫിസും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടെ സമീപപ്രദേശങ്ങൾ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കുംവിധമാണ് നിർമാണം പൂർത്തീകരിച്ചത്.
പ്രവേശനകവാട നിർമാണം പൂർത്തിയായാൽ പ്രത്യേക കമാൻഡോ പരിശീലനം പൂർത്തിയാക്കിയ കേരള പൊലീസിലെ സായുധ കമാൻഡോ വിഭാഗത്തിന്റെയും തണ്ടർബോൾട്ടിന്റെയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കനത്ത സുരക്ഷ വലയത്തിലാകും ഇരിട്ടി സബ് ഡിവിഷൻ ഓഫിസും അനുബന്ധ ഓഫിസും.
വാച്ച് ടവറിലും പ്രത്യേക സായുധ വിഭാഗം കമാൻഡോകളുടെ നിരീക്ഷണമുണ്ടാകും. അത്യാധുനിക സംവിധാനത്തോടെയുള്ള നിരീക്ഷണ കാമറകളും സ്ഥാപിക്കും. ഇത്തരം പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കമാൻഡോകളായി തിരഞ്ഞെടുക്കപ്പെട്ട പൊലീസുകാർക്കും വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ സി.ഐ, എസ്.ഐമാർക്കും യന്ത്രത്തോക്ക് ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിക്കാൻ പ്രത്യേക പരിശീലനവും പൂർത്തിയാക്കി.
മാവോവാദികൾ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വനമേഖലയോട് ചേർന്ന പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തിയിലെ പൊലീസ് സബ്ഡിവിഷൻ ഓഫിസ് പരിസരത്തും കനത്ത സുരക്ഷയൊരുക്കുന്നത്.
സുരക്ഷ സംവിധാനത്തിന്റെ ഭാഗമായ പ്രവേശന കവാടം, നിരീക്ഷണ കാമറ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തി ഈ മാസം പൂർത്തിയാക്കി ഒക്ടോബറിൽതന്നെ സുരക്ഷ സംവിധാനം ഒരുക്കാനാണ് ആഭ്യന്തര വകുപ്പ് നിർദേശം. സുരക്ഷ സേന ചുമതലയേറ്റാൽ സായുധസേനയുടെ കനത്ത സുരക്ഷാവലയത്തിലും നിരീക്ഷണത്തിലാകും ഈ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുകയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.