മുണ്ടേരി ഉൾക്കാട്ടിലെ കോളനിയിൽ മാവോവാദികളെത്തിയെന്ന്
text_fieldsഎടക്കര: നിലമ്പൂര്‍ കാടുകളില്‍ വീണ്ടും മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി പൊലീസ്. പോത്തുകൽ മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ആദിവാസി കോളനിയിലാണ് മാവോവാദികള്‍ വന്നുപോയത്. വെള്ളിയാഴ്ച രാത്രി ഏഴോടെ കോളനിയിലെത്തിയ മാവോവാദികള്‍ ഏതാനും മണിക്കൂര്‍ ആദിവാസികളുമായി ആശയവിനിമയം നടത്തിയാണ് പോയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം പറഞ്ഞു. ആറുപേരാണ് ഉണ്ടായിരുന്നതായി ആദിവാസികള്‍ മൊഴി നല്‍കിയത്. ആയുധങ്ങളോടുകൂടിയാണ് ഇവര്‍ വന്നത്. വാണിയമ്പുഴ ആദിവാസി കോളനിയില്‍ പൊലീസ് സ്ഥിരമായി വരുന്നുണ്ടോ, സമീപത്തുള്ള ആദിവാസി കോളനികള്‍ ഏതെല്ലാമാണ് തുടങ്ങിയവ ചോദിച്ചറിഞ്ഞതായാണ് വിവരം.
നിലമ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴ മുതലാക്കിയാണ് സംഘം കോളനിയിലെത്തിയതെന്നാണ് സൂചന. വിവരമറിഞ്ഞാലും കനത്ത മഴയില്‍ ചാലിയാര്‍ കടന്ന് പൊലീസിന് കോളനിയിലെത്താന്‍ കഴിയില്ല. ചാലിയാറിന് കുറുകെ മുമ്പുണ്ടായിരുന്ന നടപ്പാലം 2019ലെ പ്രളയത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് താൽക്കാലിക പാലം നിര്‍മിച്ചു നല്‍കിയിരുന്നെങ്കിലും അധികം വൈകാതെ അതും തകർന്നു. ആദിവാസികള്‍ പുഴ കടക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ചങ്ങാടം മാത്രമാണ്. വലിയ കുത്തൊഴുക്കില്‍ ചങ്ങാടത്തില്‍ പുഴ കടക്കാൻ കഴിയില്ല. ഈ സാഹചര്യം മുതലെടുത്താണ് മാവോവാദികള്‍ കോളനിയിലെത്തിയിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്.
2020 മാര്‍ച്ച് 11നാണ് അവസാനമായി ജില്ലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടായത്. കോവിഡ് കാലത്ത് പ്രത്യേകിച്ച് പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, കഴിഞ്ഞ 10ന് മാവോവാദികളുടെ സാന്നിധ്യം വയനാട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.