'മാപ്പിള ഹാൽ' വെർച്വൽ എക്സിബിഷൻ ലോഞ്ചിംഗ് ഡിസംബർ 15 ന്
text_fieldsതിരൂർ: 'മാപ്പിള ഹാൽ' എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇൻ്ററാക്റ്റീവ് വെർച്വൽ എക്സിബിഷൻ ഡിസംബർ 15 ന് ലോഞ്ച് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരൂർ വാഗൺ മസാകർ ഹാളിൽ നടക്കുന്ന ലോഞ്ചിംഗ് പരിപാടിയിൽ ലണ്ടനിൽ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മൻസൂർ ഖാൻ, പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികളായ ആസിഫ് ഇഖ്‌ബാൽ തൻഹ, സഫൂറ സർഗാർ, ശർജീൽ ഉസ്‌മാനി, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ എസ് മാധവൻ, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ശംസുദ്ധീൻ മന്നാനി, എഴുത്തുകാരായ റമീസ് മുഹമ്മദ്, ഡോ.ജമീൽ അഹ്‌മദ്, സൂഫി ഗായകൻ സമീർ ബിൻസി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് പി.വി.റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അംജദ് അലി. ഇ.എം, സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ തുടങ്ങിയവർ പങ്കെടുക്കും.
മലബാർ സമരത്തിൻ്റെ സമഗ്രമായ സർഗാത്മക ആവിഷ്കാരമാണ് 'മാപ്പിള ഹാൽ' എന്ന് ഭാരവാഹികൾ പറഞ്ഞു. മലബാർ പോരാട്ടത്തിൻ്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്സിബിഷൻ. മൊബൈൽ അപ്ലിക്കേഷനിലാണ് വെർച്വൽ എക്സിബിഷൻ ലഭ്യമാവുക. മലബാർ സമര ചരിത്രത്തിന്‍റെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന വീഡിയോകൾ, പെയിന്റിംഗ്, കാലിഗ്രഫി, ഡിജിറ്റൽ ആർട്ട്, അപൂർവ്വ ചരിത്രരേഖകൾ, കേരളീയ മുസ്‌ലിം പോരാട്ട പാരമ്പര്യത്തിന്‍റെ നാൾവഴികൾ, മലബാർ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങൾ, ചരിത്ര രചനകൾ, സമര പോരാളികൾ, സംഭവവികാസങ്ങൾ,പോരാട്ട ഭൂമികൾ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് എക്സിബിഷൻ.
മലബാർ സമരത്തെക്കുറിച്ച സമഗ്രമായ വിവരങ്ങൾ ജനകീയമായിത്തന്നെ എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'മാപ്പിള ഹാൽ' ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.