ആലഞ്ചേരി അനുകൂലികളും എതിർവിഭാഗവും ഏറ്റുമുട്ടി
text_fieldsഅങ്കമാലി: സീറോ മലബാര്‍സഭയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടി. അതിരൂപതയുടെ മുഖപത്രമായ സത്യദീപം മാസിക ആലഞ്ചേരി അനുകൂലികള്‍ കൂട്ടിയിട്ട് കത്തിച്ചു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ അതിരൂപത പാസ്റ്ററൽ സെൻററായ അങ്കമാലി സുബോധനയില്‍ നടന്ന യോഗത്തിലാണ് സംഘർഷം. ആലഞ്ചേരിയെ എതിര്‍ക്കുന്നവര്‍ രൂപവത്കരിച്ച ആർച് ഡയസിയൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി (എ.എം.ടി) യാണ് യോഗം വിളിച്ചത്. അതിരൂപതയുടെ പരിധിയിലെ മൂക്കന്നൂര്‍, കാഞ്ഞൂര്‍, അങ്കമാലി, മഞ്ഞപ്ര, മൂഴിക്കുളം ഫൊറോനകളിലെ കൗണ്‍സില്‍ ഭാരവാഹികളും, കൈക്കാരന്മാരുമാണ് യോഗത്തിനെത്തിയത്.
ഭൂമി ഇടപാടില്‍ വൈദിക സമിതി റിപ്പോര്‍ട്ട് പുറത്തുകൊണ്ട് വരണമെന്നും നിജസ്ഥിതി വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്നും അഴിമതി നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യോഗം വിളിച്ചത്. ഫാ.അഗസ്റ്റിന് വട്ടോളി, ഫാ.സെബാസ്റ്റ്യന്‍ തോട്ടപ്പിള്ളി, ഫാ. ജോയി കൈതക്കോട്ടില്‍, ഫാ.ജോയി തച്ചേത്ത് തുടങ്ങിയവരാണ് യോഗത്തില്‍ വിശദീകരണം നല്കാന് എത്തിയത്. 100ഓളം പേരാണ് പങ്കെടുത്തത്. സഭ മുഖപത്രമായ സത്യദീപത്തില്‍ യോഗം ചേരുന്നത് സംബന്ധിച്ച് വാര്‍ത്തയും ആലഞ്ചേരിക്കെതിരായ ലേഖനങ്ങളും വന്നിരുന്നു.
യോഗം നടക്കുന്നതിനിടെ ആലഞ്ചേരിയെ അനുകൂലിക്കുന്ന അങ്കമാലി ബസിലിക്ക പരിധിയിലെ 50ഓളം പേര് ഹാളിനകത്തേക്ക് തള്ളിക്കയറി. പ്രസംഗ പീഠത്തിന് മുന്നിലെത്തി ഫാ.വട്ടോളിയുടെ സംസാരം തടയുകയും മൈക്ക് പിടിച്ച് വാങ്ങുകയും ചെയ്തു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. എ.എം.ടി ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് അങ്കമാലി പൊലീസെത്തി പ്രതിഷേധക്കാരെ ഹാളില്‍നിന്ന് മാറ്റി യോഗം തുടരാന്‍ അവസരം ഒരുക്കി. ഹാളിന് പുറത്ത് ആലഞ്ചേരി അനുകൂലികൾ മുദ്രാവാക്യം മുഴക്കുകയും സഭാ മുഖപത്രമായ സത്യദീപം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വാടക ഗുണ്ടകളാണ് യോഗം തടഞ്ഞതെന്നും സംസ്ഥാനത്ത് മുഴുവൻ തുടര്‍ യോഗങ്ങളും പ്രതിഷേധങ്ങളും നടത്തുമെന്നും എ.എം.ടി ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.