മത സാഹോദര്യം മുറുകെപ്പിടിക്കണം; കോട്ടം തട്ടാന്‍ അനുവദിക്കരുതെന്ന് കർദിനാൾ ആലഞ്ചേരി
text_fieldsകൊച്ചി: പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദപ്രസ്താവനയെ തുടർന്നുണ്ടായ കലുഷിത സാഹചര്യങ്ങൾ എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്നും സമാധാനപരമായ സൗഹൃദത്തിലേക്ക് തിരിച്ചുവരുകയാണ് ഇപ്പോൾ പ്രധാനമെന്നും സിറോ മലബാര്‍സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇതിന് മതാചാര്യരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് സര്‍വാത്മനാ സഹകരിക്കുമെന്നും പ്രസ്താവനയിൽ ബിഷപ് വ്യക്തമാക്കി.
എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളീയ പാരമ്പര്യം. അതിന് ഒരുവിധത്തിലും കോട്ടം തട്ടാന്‍ അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിെല സാഹോദര്യം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്ന് സംശയിക്കുന്ന കാര്യങ്ങളില്‍പോലും അതിവിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാവരും പരിശ്രമിക്കണം.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാർഥ ലക്ഷ്യത്തില്‍നിന്ന് മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരുസാഹചര്യവും സൃഷ്ടിക്കാന്‍ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍നിന്ന് ഒരുസാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.