മാർ ആൻഡ്രൂസ് താഴത്തിന് അതിരൂപത സംരക്ഷണ സമിതിയുടെ വക്കീൽ നോട്ടീസ്
text_fieldsകൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്തിന് വൈദിക സംഘടനയായ അതിരൂപത സംരക്ഷണ സമിതിയുടെ വക്കീൽ നോട്ടീസ്. ജൂണിൽ നടന്ന സിറോ മലബാർ സഭ സിനഡിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് ആൻഡ്രൂസ് താഴത്ത് അയച്ച കത്ത് സമിതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാട്ടി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ ആണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്.
ഏകീകൃത കുർബാന വിഷയം ചർച്ച ചെയ്യാൻ ചേർന്ന സിനഡിന് മുന്നോടിയായാണ് പങ്കെടുക്കുന്ന ബിഷപ്പുമാർക്ക് മാർ ആൻഡ്രൂസ് താഴത്ത് കത്തയച്ചത്. അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം പോലുള്ള സംഘടനകൾക്ക് ക്രൈസ്തവവിരുദ്ധരുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും പിന്തുണയുണ്ടെന്ന് അതിൽ ആരോപിച്ചിരുന്നു.
മറ്റ് പലയിടങ്ങളിലേക്കും കത്ത് പ്രചരിപ്പിക്കപ്പെട്ടതായി നോട്ടീസിൽ പറയുന്നു. ഏകീകൃത കുർബാന അടിച്ചേൽപിക്കുന്നതിനെതിരെ നവംബറിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 46 വാഹനങ്ങളിലായി പ്രതിഷേധത്തിന് ആളെ എത്തിച്ചെന്നും ഇതിന് പിന്നിൽ ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ഇടപെടൽ സംശയിക്കുന്നുണ്ടെന്നുമാണ് ആൻഡ്രൂസ് താഴത്ത് ആരോപിച്ചത്.
സിനഡ് യോഗത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനും പ്രകോപനം സൃഷ്ടിക്കാനും ആൻഡ്രൂസ് താഴത്ത് ബോധപൂർവം ശ്രമിച്ചതായി വക്കീൽ നോട്ടീസിൽ പറയുന്നു.
നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം അടിസ്ഥാനരഹിതമായ പരാമർശങ്ങൾ പരസ്യമായി പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും തന്റെ സൽപേരിന് കളങ്കം ഏൽപിച്ചതിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഫാ. സെബാസ്റ്റ്യൻ തളിയന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.