ചെകുത്താൻ ആരാധകരും ചില സംഘടനകളും കുമ്പസാരത്തെ അവഹേളിക്കുന്ന സിനിമകൾക്ക് പണം മുടക്കുന്നു -മാര്‍ ജോസഫ് പാംപ്ലാനി
text_fieldsകണ്ണൂർ: കേരളത്തിൽ ഏഴ് വർഷത്തിനിടെ ഇറങ്ങിയ 20ഓളം സിനിമകളിൽ കുമ്പസാരത്തെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ചെകുത്താൻ ആരാധകരും ബ്ലാക് മാസ് ആരാധകരും സഭയുടെ നാശം കൊതിക്കുന്ന ചില സംഘടനകളുമാണ് ഇത്തരം സിനിമകൾക്ക് പണം മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്നെന്നാരോപിച്ച് ‘കക്കുകളി’ നാടകത്തിനെതിരെ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും മഹാപ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകൾ സംയുക്തമായി സി.ആർ.ഐ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.
‘സന്യാസം എന്നത് ക്രിസ്തുവെന്ന ഉറച്ച പാറമേൽ പണിയപ്പെട്ട ഭവനമാണ്. അതിനെ ഇളക്കുവാൻ ആർക്കും സാധ്യമല്ല. സന്യാസം തെറ്റാണ് എന്ന് പറയുന്നവർ കാറൽ മാർക്സിന്റെ കമ്യൂണിസം തെറ്റാണ് എന്ന് പറയേണ്ടിവരും. എല്ലാവരും പരമാവധി അധ്വാനിച്ച് അതിലൂടെ കൈവരുന്ന വിഭവങ്ങൾ എല്ലാവരും പൊതുവായി ഉപയോഗിക്കുക എന്നതാണ് മാർക്സിന്റെ ആശയം. ഇത് ക്രൈസ്തവ സന്യാസ സമൂഹത്തിൽനിന്ന് കടമെടുത്തതാണെന്ന് മാർക്സിന് പറയേണ്ടിവരും. സന്യാസിനിമാരിൽ ഡോക്ടർമാരും വക്കീലൻമാരും അധ്യാപകരും ഉണ്ട്. അവരുടെ വരുമാനം പൊതു ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഈ സന്യാസിനിമാരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാറൽ മാർക്സ് കമ്യൂണിസം രചിച്ചത്’ -പാംപ്ലാനി പറഞ്ഞു.
‘കക്കുകളി’ എന്ന നാടകം കണ്ടാൽ സന്ന്യാസം ആവിയായി പോകുമെന്ന് ആരും വിചാരിക്കുന്നില്ല. നിങ്ങൾ ഏത് കളികളിച്ചാലും സന്യാസത്തിന് ഒരു പോറലും ഏൽപിക്കാനാവില്ല. സന്ന്യാസികൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ എത്രയോ ബാല്യങ്ങൾക്ക് തെരുവുകളിൽ അലയേണ്ടിവരുമായിരുന്നു. മഠത്തിൽനിന്ന് പുറത്താക്കപ്പെട്ടവർ വിളിച്ചുപറയുന്ന വൈകൃതങ്ങൾകേട്ട് സന്ന്യാസത്തെ വിലയിരുത്താൻ ശ്രമിച്ചു എന്നതാണ് മാധ്യമങ്ങളും എഴുത്തുകാരും സന്യാസത്തോട് ചെയ്ത അപരാധമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജിൻസ് വാളിപ്ലാക്കൽ, സിസ്റ്റർ ആൻസി പോൾ, ഡോ. ടോം ഓലിക്കരോട്ട്, സിസ്റ്റർ ഡോ. വന്ദന, മോൺ. ക്ലാരൻസ് പാലിയത്ത്, ഫാ. ചാക്കോ ചേലൻപറമ്പിൽ, ഡോ. സിബി, മോൺ. ആൻറണി മുതുകുന്നേൽ, ഫാ. ജോയ് കൊട്ടിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.