ഇനി പുതിയ ഇടയൻ; മാർ ജോസഫ് പാംപ്ലാനി ചുമതലയേറ്റു
text_fieldsതലശ്ശേരി: തലശ്ശേരി അതിരൂപതയുടെ നാലാമത് ആർച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. തലശ്ശേരി സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍ ചർച്ച് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കർദിനാൾ ആലഞ്ചേരി പ്രധാന കാര്‍മികത്വം വഹിച്ചു.
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മികരായി. സിറോ മലബാര്‍ അധ്യക്ഷന്റെ നിയമന പത്രിക തലശ്ശേരി അതിരൂപത ചാന്‍സലര്‍ ഡോ. തെങ്ങുംപള്ളില്‍ വായിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഭാരത കാതോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കർദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ് ജോർജ് കർദിനാള്‍ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി മുഖ്യാതിഥിയായി.
ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് പാംപ്ലാനിയുടെ നിയമനം. കണ്ണൂർ, കാസർകോട് ജില്ലകളിലെ മൂന്നു ലക്ഷത്തോളം വിശ്വാസികളെ ഉൾക്കൊള്ളുന്നതാണ് തലശ്ശേരി അതിരൂപത. വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, പി. സന്തോഷ് കുമാര്‍ എം.പി, സണ്ണി ജോസഫ് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ബെൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി എന്നിവർ സംസാരിച്ചു. എം.എല്‍.എമാരായ കെ.കെ. ശൈലജ, കെ.വി. സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.