മാർ ജോസഫ് പൗവത്തിൽ; ഇടതുപക്ഷം എന്നും എതിർപക്ഷത്ത്, ഒപ്പം വിവാദങ്ങളും
text_fieldsകോട്ടയം: പൗരോഹിത്യത്തിന്റെ പതിവുകൾ തെറ്റിച്ച് ഇടതുപക്ഷവുമായി നിരന്തരം കലഹിച്ചിരുന്ന ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ജീവിതത്തിലുടനീളം ഇടതുപക്ഷത്തെ അദ്ദേഹം എതിർചേരിയിൽ നിർത്തി. ഒപ്പം വിവാദങ്ങളും ചേർന്നുനിന്നു. സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ അന്നത്തെ എൽ.ഡി.എഫ് സര്‍ക്കാറിനെതിരെ അതിശക്തമായ നിലപാടായിരുന്നു മാര്‍ പൗവത്തില്‍ സ്വീകരിച്ചത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയിൽ നിയമപോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
എന്റെ ശ്രദ്ധ രാഷ്ട്രീയത്തിലല്ല,ആത്മീയതയിലാണ്
സ്വാശ്രയവിഷയത്തിൽ ഇടതുസർക്കാറുമായി നേരിട്ട് ഏറ്റുമുട്ടിയ കാലത്ത് മാര്‍ പൗവത്തിലാണ് പ്രതിപക്ഷനേതാവെന്ന അടക്കം പറച്ചിലുകളുമുണ്ടായി. ‘പ്രതിപക്ഷനേതാവ്’ എന്നുള്ളത് രാഷ്ട്രീയശൈലിയാണ്. എന്റെ ശ്രദ്ധ ആത്മീയതയിലാണ്. വിശ്വാസവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളെയും അത് കയ്യാളുന്നവരുടെ അപകടംനിറഞ്ഞ നിലപാടുകളെയും തുറന്നു കാണിക്കാനും മുന്നറിയിപ്പ് നൽകാനും മാത്രമാണ് ഞാന്‍ ശ്രമിച്ചത്’-അദ്ദേഹം ഇതിനെക്കുറിച്ച് പിന്നീട് അഭിമുഖത്തിൽ പറഞ്ഞു.
കമ്യൂണിസത്തെ എതിര്‍ക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ‘ നാം കമ്യൂണിസത്തെ എതിര്‍ക്കണം; കമ്യൂണിസ്റ്റുകാരെ സ്നേഹിക്കണം’ എന്ന അമേരിക്കയിലെ ആര്‍ച് ബിഷപ്പായിരുന്ന ഫുള്‍ട്ടന്‍ ജെ. ഷീന്റെ വാക്കുകളായിരുന്നു മറുപടി. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം താത്വികമായി വികലമാണ്, അതിന്റെ പ്രയോഗത്തിലും പരാജയമാണ്. ഇവിടെയുള്ള അവരുടെ പ്രവര്‍ത്തനശൈലിയും അംഗീകരിക്കാനാവില്ല. അതിനെയെല്ലാം എതിര്‍ക്കേണ്ടതുണ്ട്- എതിർപ്പിനെ പൗവത്തിൽ വിശദീകരിച്ചിരുന്നത് ഇങ്ങനെയായിരുന്നു. എസ്.എഫ്.ഐ സമരങ്ങൾക്കെതിരെയടക്കം കടുത്തനിലപാട് സ്വീകരിച്ച മാർ പൗവത്തിലിനെ ഇടതുപക്ഷവും കടന്നാക്രമിച്ചിട്ടുണ്ട്. പിണറായി വിജയൻ, എം.എ. ബേബി എന്നിവരും പരസ്യമായി വിമർശിച്ചിരുന്നു.
വിവാദങ്ങളും ഒപ്പംനിന്നു
വിവാദങ്ങൾ എക്കാലവും ഇദ്ദേഹത്തിനൊപ്പം ചേർന്നുനിന്നു. അച്യുതമേനോന് മന്ത്രിസഭക്കെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ 1972ല്‍ നടത്തിയ കോളജ് സമരത്തില്‍ വ്യവസായ മന്ത്രി ടി.വി. തോമസ് കത്തോലിക്ക സഭയെ രഹസ്യമായി പിന്തുണച്ചെന്ന പൗവത്തിന്റെ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചയായി. മന്ത്രിയായിരുന്ന ടി.വി. തോമസ് സ്വന്തം കാറില്‍ ഒരു രാത്രി ചങ്ങനാശ്ശേരി അരമനയിലെത്തിയാണ് സഭക്ക് പിന്തുണ അറിയിച്ചതെന്ന അദ്ദേഹത്തിന്റെ ആത്മകഥയിലെ പരാമർശങ്ങൾ വൻ വിവാദമായി. ടി.വി. തോമസിന് ദൈവവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെന്നും അവസാനകാലത്ത് കുമ്പസാരം നടത്തുന്നതിനോട് യോജിച്ചെന്ന വാക്കുകളും വലിയ കോളിളക്കം സൃഷ്ടിച്ചു. മാര്‍ പൗവത്തില്‍ ഒരിക്കലും കമ്യൂണിസ്റ്റുകാരെ കുറിച്ച് നല്ലത് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇത് തള്ളിയത്. എന്നാൽ, ‘വിവാദങ്ങള്‍ ആഗ്രഹിക്കുന്നതല്ല, പിന്നാലെ വന്നുകൂടുന്നതാണ്. വിവാദം സൃഷ്ടിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. പക്ഷേ, നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും എപ്പോഴും എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നുവരില്ല- എന്നായിരുന്നു വിവാദങ്ങളെക്കുറിച്ചുള്ള പൗവത്തിലിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസുകളുടെ ലയനവുമായി ബന്ധപ്പെട്ട് ചർച്ചകളിലും മാർ പൗവത്തിലിന്റെ പേര് ഇടംപിടിച്ചു.
ഏറ്റുവുമൊടുവിൽ പി.ജെ. ജോസഫും കെ.എം.മാണിയും തമ്മിലുള്ള ലയനത്തിൽ മധ്യസ്ഥന്റെ റോൾ വഹിച്ചത് മാർ പൗവത്തിലാണെന്നും പ്രചാരണം ശക്തമായിരുന്നു. ഇത് നിഷേധിച്ച അദ്ദേഹം ഭിന്നിച്ച് സമൂഹത്തെ ശിഥിലമാക്കാതെ അവര്‍ ഒന്നിക്കണമെന്ന് അനേകം ആളുകള്‍ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നായിരുന്നു വിശദീകരിച്ചത്. കണ്ടമാലിലെ നരഹത്യയെക്കാള്‍ ഹീനമാണ് ഇടത് പ്രത്യയശാസ്ത്രത്തിന്റെ കടന്നാക്രമണമെന്ന അദ്ദേഹത്തിന്റെ നിലപാടും ഏറെ വിമര്‍ശിക്കപ്പെട്ടു. എന്നാൽ, ഇതിനെ ന്യായീകരിച്ച അദ്ദേഹം ഒഡിഷയില്‍ സംഘപരിവാറും മറ്റും ചെയ്തത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. എന്നാല്‍ ഒരു ജനതയെ മുഴുവന്‍ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയമാക്കി, തെറ്റായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിമകളാക്കിയാല്‍ കാണ്ടമാലിലേക്കാള്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്നായിരുന്നു വ്യക്തമാക്കിയത്.
തിരുത്താത്ത നിലപാട്
കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ ക്രൈസ്തവ വിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ ശ്രമിക്കണമെന്ന പൗവത്തിലിന്റെ വാക്കുകളും വിവാദമായി. ‘പുറത്തുനിന്നുള്ള വിമർശനങ്ങളിൽ എനിക്കൊരിക്കലും ഭയം തോന്നിയിട്ടില്ല. സഭാധികാരത്തിന് സ്വീകാര്യമായ നിലപാടുകളാണ് ഞാന്‍ എന്നും സ്വീകരിച്ചത്. സഭയോടൊത്താകുമ്പോള്‍ ഒന്നും ഭയപ്പെടേണ്ട എന്ന തോന്നലാണെനിക്ക്- പൗവത്തിൽ പറഞ്ഞിരുന്നതിങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.