മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ പുതിയ നാഥൻ; മേജർ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു
text_fieldsകൊച്ചി: സിറോ മലബാർ സഭയെ ഇനി മാർ റാഫേൽ തട്ടിൽ നയിക്കും. സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിലിനെയാണ് തെരഞ്ഞെടുത്തത്. ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ നടന്ന മെത്രാൻ സിനഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. വത്തിക്കാനിലും സഭയുടെ കേന്ദ്ര കാര്യാലയത്തിലും ഇതുസംബന്ധിച്ച പ്രഖ്യാപനം ഒരേസമയം നടന്നു.
സഭ അഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ തെരഞ്ഞെടുപ്പിന്‍റെ കാനോനിക ക്രമീകരണങ്ങൾ പൂർത്തിയാക്കി. തിങ്കളാഴ്ച ആരംഭിച്ച സിനഡിന്‍റെ രണ്ടാംദിവസം രഹസ്യബാലറ്റ് വഴി നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച വിവരമറിയിച്ച് സിനഡിൽ പങ്കെടുത്ത പിതാക്കന്മാർ ഒപ്പുവെച്ച കത്തും തന്‍റെ തെരഞ്ഞെടുപ്പിന് അംഗീകാരം നൽകണമെന്ന് അഭ്യർഥിച്ച് നിയുക്ത മേജർ ആർച്ച് ബിഷപ് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും അപ്പോസ്തലിക് നുൻഷ്യേച്ചർ വഴി മാർപാപ്പക്ക് സമർപ്പിച്ചു.
തെരഞ്ഞെടുപ്പിന് അംഗീകാരം നൽകുന്ന കത്ത് ബുധനാഴ്ച ലഭിച്ചതിനെത്തുടർന്ന് നിയുക്ത മേജർ ആർച്ച് ബിഷപ് സിനഡിന് മുന്നിൽ വിശ്വാസപ്രഖ്യാപനവും മേജർ ആർച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തം വിശ്വസ്‌തതയോടെ നിർവഹിക്കുമെന്ന പ്രതിജ്ഞയും നടത്തി. ഇതോടെ സിനഡ് സമ്മേളനത്തിനും സമാപനമായി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണം.
തൃശൂർ സ്വദേശികളായ തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണ് മാർ റാഫേലിന്‍റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തൃശൂർ അതിരൂപതയുടെ തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വൈദികപരിശീലനത്തിന് ചേർന്നു.
വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയിൽനിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം, 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.. തുടർന്ന് 1981 മുതൽ അരണാട്ടുകരയിൽ അസിസ്റ്റന്‍റ് വികാരിയായി സേവനം തുടങ്ങി.
1988ൽ കുരിയ വൈസ് ചാൻസലറും 1991ൽ മൈനർ സെമിനാരി വൈസ് റെക്ടറും 1992 മുതൽ 1995 വരെ കാറ്റക്കിസം ഡയറക്ടറായും പ്രവർത്തിച്ചു. 1995 മുതൽ 2000 വരെ ചാൻസലറും എപാർഷ്യൽ ജഡ്ജിയുമായി. 2010 ഏപ്രിൽ 10ന് ബിഷപ്പ് ആയി സ്ഥാനകയറ്റം ലഭിച്ച മാർ റാഫേൽ തട്ടിൽ, തൃശ്ശൂർ, ബ്രൂണി രൂപതകളിൽ പ്രവർത്തിച്ചു. തുടർന്ന് 2017 ഒക്ടോബർ 10ന് ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു.
സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. കർദിനാൾ ആന്‍റണി പടിയറ, കർദിനാൾ വർക്കി വിതയത്തിൽ, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റ് മൂന്നു പേർ. ഇതിൽ കർദിനാൽ ആന്‍റണി പടിയറയെയും കർദിനാൽ വർക്കി വിതയത്തിലിനെയും മാർപ്പാപ്പ നേരിട്ട് നിയമിച്ചതാണ്. എന്നാൽ, കർദിനാൾ ജോർജ് ആലഞ്ചേരിയെ സീറോ മലബാർ സഭ സിനഡ് ആണ് നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.