ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് സീറ്റ് വർധിപ്പിക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുന്നത്.
എറണാകുളം മരട് കാട്ടിത്തല സ്കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി (ആയത്ത്പറമ്പില്‍ വീട്ടില്‍ സനലിന്‍റെ മകള്‍), ആദിത്യന്‍ എസ് നായര്‍ (മരട് ശ്രീജിത്തിന്‍റെ മകന്‍) എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണിത്. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ:
- കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും മലപ്പുറം ജില്ലയില്‍ താനൂരും പുതിയ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 40 വീതം തസ്തികകള്‍ സൃഷ്ടിക്കും.
- ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇടുക്കി വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് റവന്യൂ വകുപ്പിന്‍റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി നല്‍കുക.
- ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
- കേരള സബോര്‍ഡിനേറ്റ് ജൂഡീഷ്യറിയിലെ ജൂഡിഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനവും വിരമിച്ച ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്‍റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സൂപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
- പാലക്കാട്ടെ ഐ.ഐ.ടി.ക്കു വേണ്ടി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്ടര്‍ റവന്യൂ ഭൂമി കൈമാറാന്‍ തീരുമാനിച്ചു.
- അഞ്ച് ജവഹര്‍ ബാലഭവനുകളിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
നിയമനം, മാറ്റം
- ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ഗതാഗത (ഏവിയേഷന്‍) വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
- തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. ഗിരിജയെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അമൃത് മിഷന്‍ ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
- ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്ലാനിംഗ് (സി.പി.എം.യു) ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
- മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ഐ.എം,ജി ഡയരക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.