കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പന; ആരോപണം നിഷേധിച്ച് കോടിയേരി
text_fieldsന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണത്തില്‍ കഴമ്പില്ല. വ്യവസായി ദിനേശ് മേനോനും മാണി സി. കാപ്പനും ആരോപണം ഇതിനകം നിഷേധിച്ചുകഴിഞ്ഞു. പാലാ തെരഞ്ഞെടുപ്പ് സമയത്ത് മെനഞ്ഞെടുത്ത പ്രചാരണമാണിത്. അന്ന് അത് ഏശിയില്ല. ഇനിയും അത് ഒരുതരത്തിലും ഏശില്ല. അനാവശ്യ ആരോപണങ്ങളിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നു മനസ്സിലാകുന്നില്ല. മാണി സി. കാപ്പനും ദിനേശ് മേനോനും തമ്മിൽ ചെക്ക് കേസ് നിലവിലുണ്ടെന്നും കോടിയേരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സർക്കാർ നിസഹായവസ്ഥയിൽ
ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സർക്കാർ നിസഹായവസ്ഥയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബലപ്രയോഗം ഇല്ലാതെ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് ഉടമകൾ തെറ്റുകാരല്ല. അവർ കബളിപ്പിക്കപ്പെട്ടു. ഉടമകളെ സഹായിക്കണമെന്ന് സർക്കാറിന് ആഗ്രഹമുണ്ട്. ഫ്ലാറ്റുകൾ നിർമിച്ചവരാണ് കുറ്റക്കാർ. ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാവില്ല. മഞ്ചേശ്വരം എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ ശബരിമല യുവതീ പ്രവേശനത്തെ എതിർത്തിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള കുപ്രചരണങ്ങളാണിത്. ശബരിമല വിഷയത്തിലെ വിധി ദുർബലപ്പെടുത്തുമെന്ന് ബി.ജെ.പി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, നിയമനിർമാണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.