മരട് ഫ്ലാറ്റ്: വിധി പറഞ്ഞ ജഡ്‌ജിമാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി
text_fieldsകൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്ന് മരടിൽ നാല് ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ മുമ്പ് വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ഹൈകോടതി ജഡ്‌ജിമാർക്കെതിരെ ജുഡീഷ്യറിയുടെ ആഭ്യന്തര നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. കോട്ടയം സ്വദേശിയായ മാത്യു പുലിക്കുന്നേൽ നൽകിയ അപ്പീലാണ് തള്ളിയത്. ഹൈകോടതി ജഡ്‌ജിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇദ്ദേഹം നൽകിയ ഹരജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ജഡ്‌ജിമാർക്കെതിരെ ആഭ്യന്തരതല അന്വേഷണം നടത്തി നടപടിയെടുക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്നും പൊതുതാൽപര്യത്തിന്‍റെ പേരിൽ ഇത് വിനിയോഗിക്കണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ലെന്നും വിധിയിൽ വ്യക്തമാക്കി. ജഡ്‌ജിമാരുടെ ഔദ്യോഗിക പെരുമാറ്റദൂഷ്യം തെളിയിക്കപ്പെട്ടാൽ ഭരണഘടനയിൽ പറയുന്ന നടപടിക്രമത്തിലൂടെയാണ് നടപടിയെടുക്കാനാവുകയെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഫ്ലാറ്റുകളുടെ ബിൽഡിങ് പെർമിറ്റ് പിൻവലിക്കാനുള്ള തദ്ദേശ സ്ഥാപനത്തിന്‍റെ നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിലെ ജഡ്‌ജിമാർക്കും ഫ്ലാറ്റ് നിർമാതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വൈകിപ്പിച്ചെന്ന് ആരോപിച്ച് ഒരു ജഡ്‌ജിക്കുമെതിരെയും നടപടി ആവശ്യപ്പെട്ട് ഹരജിക്കാരൻ സുപ്രീംകോടതി, ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. എന്നാൽ, ജഡ്‌ജിമാർക്കെതിരായ ഇത്തരമൊരു ഹരജി ജുഡീഷ്യൽ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ നവംബർ ഒന്നിന് സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ശരിവെച്ചാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.