മാരാമണ്‍ കൺവെന്ഷൻ സമാപിച്ചു
text_fieldsമാരാമണ്‍: ആരെയും ഒറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത. 129ാമത് മാരാമണ്‍ കൺവെന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യക്തികളോ സമൂഹമോ ആയി ആരെയും ഒറ്റപ്പെടുത്താനുള്ള അവകാശം നമുക്കില്ല. അപരനെ ചേര്‍ത്തുപിടിക്കുകയെന്നതാണ് നമ്മുടെ ദൗത്യം. കഴിഞ്ഞ ദിവസം പുല്പള്ളിയില് വലിയൊരു വിഭാഗം ജനത മൃതദേഹവുമായി തെരുവില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായി. എങ്ങനെയാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്.
ഇത്തരം വിഷയങ്ങളൊക്കെ പരിഹരിക്കപ്പെടേണ്ടതല്ലേ. ഓരോ മനുഷ്യനും അവന്റേതായ കഴിവുകളുണ്ട്. കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിലൂടെ ജീവിതം പുഷ്പിക്കുന്നതിനെയാണ് നന്മയായി കാണേണ്ടത്. മണിപ്പുര്‍ വിഷയം എത്രകാലമായി നാം സംസാരിക്കുന്നു. ഇടപെടേണ്ടവര്‍ ഇടപെടുന്നതുമില്ല.
ജനങ്ങളുടെ നന്മയെ നോക്കാന്‍ ദേശത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാനുള്ള കാഴ്ചപ്പാടാണ് വേണ്ടത്. അനാവശ്യമായ വേഗമാണ് ഇന്ന് സമൂഹത്തിലുള്ളത്. ആത്മീയതയുടെ പേരില്‍ അന്തസ്സ് നഷ്ടപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇന്ന് ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു -മെത്രാപ്പോലീത്ത പറഞ്ഞു.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ബിഷപ് മാകെ ജെ. മസാങ്കോ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.