മാരാമൺ കൺവെൻഷന് തുടക്കം
text_fieldsപത്തനംതിട്ട: അപരനോടുള്ള അലിവ് നഷ്ടപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്നും ഇത് പുറത്തുനിന്നുള്ള ആക്രമണത്തെക്കാൾ നാം പേടിക്കേണ്ട സംഗതിയാണെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. 128ാമത് മാരാമൺ കൺവെൻഷൻ പമ്പാ മണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്.
രാജ്യത്തിന്റെ പല ഭാഗത്തും മിഷനറിമാരെ ആക്രമിക്കുന്ന പ്രവണത ഏറിവരുന്നു എന്നത് സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലും നമ്മെ തുറിച്ചുനോക്കുന്നു. പ്രധാനമന്ത്രിയുടെ സത്വരശ്രദ്ധ ഇക്കാര്യങ്ങളിൽ ഉണ്ടാകണമെന്ന് വിശാസസമൂഹം ഏറെ ആഗ്രഹിക്കുന്നു. കേരള സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ സ്വാഗതാർഹമെങ്കിലും ഇന്ധന സെസും നികുതി വർധനയും വെള്ളക്കരവും ഉണ്ടാക്കുന്ന പ്രതിസന്ധികൾ സാധാരണക്കാർ ഇനിയും അനുഭവിച്ചറിയാൻ പോകുന്നതേയുള്ളൂ -മെത്രാപ്പോലീത്ത പറഞ്ഞു.
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സഭ മെത്രാപ്പോലീത്തമാരെ കൂടാതെ മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ആന്റോ ആന്റണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.എസ്.ഐ.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്, വിക്ടർ ടി. തോമസ് തുടങ്ങിയവർ സംബന്ധിച്ചു. കൺവെഷൻ 19ന് സമാപിക്കും.
മാരാമൺ കൺവെൻഷന്റെ ഉദ്ഘാടന വേദിയിൽ സർക്കാറിന് വിമർശനം ശ്രദ്ധേയമായി. നാല് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടകനായ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.