ചോരയുടെ ഗന്ധം വിട്ടൊഴിയാതെ മറയൂര്‍ ചന്ദനം
text_fieldsമറയൂര്‍: മറയൂര്‍ മേഖലയിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് പൊലിയുന്നത് നിരവധി ജീവനുകൾ. മിക്കതും അതിക്രൂരമായ കൊലപാതകങ്ങൾ. കഴിഞ്ഞ ദിവസം പാളപ്പെട്ടി കുടിയില്‍ ചന്ദ്രിക കൊല്ലപ്പെട്ടതും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ്.
2002 ജനുവരി 18നാണ് മറയൂര്‍ ടൗണില്‍ ടാക്‌സിഡ്രൈവർമാരായ കരിമുട്ടി സ്വദേശിയായ ജോര്‍ജ്, ബാബുനഗര്‍ സ്വദേശി അഴകര്‍ എന്നിവരുടെ മൃതദേഹം പല കഷണങ്ങളായി ഉദുമല്‍പേട്ട സമീപത്തെ പൂളാന്‍ കിണര്‍ കോമംഗലം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ചന്ദനക്കടത്തിന് ഇവരുടെ ജീപ്പ് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
2015ൽ നിരവധി ചന്ദന, കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്ന കാന്തല്ലൂര്‍ തീർഥമലകുടി സ്വദേശി ബോസ് കുടിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടി സ്വദേശികളായ ആറുപേരെ അറസ്റ്റ് ചെയ്തു. 2016 മാര്‍ച്ച് 10ന് മറയൂര്‍ പള്ളനാട് സ്വദേശി ചന്ദ്രബോസിനെ ഉദുമല്‍പേട്ട റെയില്‍വേ പാളത്തില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കല്ലുകൊണ്ട് ഇടിച്ചുകൊന്നുശേഷം റെയില്‍വേ പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂട്ടുകാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാര്‍ ചെയ്ത ചന്ദനക്കടത്ത് വനംവകുപ്പിന് ഒറ്റിക്കൊടുക്കുമെന്ന ആശങ്കയിലാണ് ചന്ദ്രബോസിനെ കൊന്നത്. ഇതിെൻറ കേസ് നടന്നുവരുന്നു. 2018 ഏപ്രില്‍ 31ന് കാന്തല്ലൂര്‍ തീര്‍ത്തമലയില്‍ നിരവധി ചന്ദനക്കേസുകളില്‍ പ്രതിയായ തീര്‍ത്തമല സ്വദേശി പുത്രന്‍കൂടി സ്വദേശിയായ അയ്യപ്പസ്വാമിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.
പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒറ്റിക്കൊടുക്കുമെന്ന പേടിയാണ് ഇവിടെയും കൊലപാതത്തിന് കാരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചുരക്കുളം ആദിവാസി കുടിയില്‍ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയ വനപാലകരെ പ്രതിയും കൂട്ടരും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് അന്ന് വനപാലകര്‍ അക്രമികളില്‍നിന്നും രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.