മരിയനാട് എസ്റ്റേറ്റ് ഭൂസമരം: ആദിവാസി-ദലിത്- പൗരാവകാശ സംഘടനകൾ ഐക്യദാർഢ്യ മാർച്ച് നടത്തി.
text_fieldsകേോഴിക്കോട് : മരിയനാട് എസ്റ്റേറ്റ് ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസി-ദലിത്- പൗരാവകാശ സംഘടനകൾ വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മരിയനാട് എസ്റ്റേറ്റിൽ മെയ് 31 മുതൽ കുടിൽകെട്ടി സമരം ആരംഭിച്ച ആദിവാസി സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ആദിവാസി- ദളിത്- പൗരാവകാശ സംഘടനകളാണ് മാർച്ച് നടത്തിയത്.
പ്രക്ഷോഭ സമരം ചെങ്ങറ-അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. ആദിവാസി പുനരധിവാസത്തിന് കേന്ദ്ര സർക്കാർ കൈമാറിയ 19,000 ഏക്കർ നിക്ഷിപ്ത വന ഭൂമിയിൽ ഉൾപ്പെട്ടതാണ് മരിയനാട് എസ്റ്റേറ്റ്. കേന്ദ്രാനുമതി ലഭിച്ചിട്ടും രണ്ട് പതിറ്റാണ്ടായി ആദിവാസികളെ സംസ്ഥാന സർക്കാർ പറ്റിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ ആമുഖപ്രഭാഷണം നടത്തി. ജൂൺ 15 നുള്ളിൽ തൊഴിലാളി പ്രശ്നം പരിഹരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ ഭൂസമര സമിതി തീരുമാനിച്ചതെന്ന് ഗീതാനന്ദൻ പറഞ്ഞു.
ഇരുളം സമരസമിതി ചെയർമാൻ ബി.വി ബോളൻ അധ്യക്ഷത വഹിച്ചു. കേരള ദലിത് മഹാസഭ പ്രസിഡൻറ് സി.എസ് മുരളി മുഖ്യ പ്രഭാഷണം നടത്തി. സി.ജെ.തങ്കച്ചൻ (ആദി ജനസഭ) ഭൂസമര സമിതി കൺവീനർ എ.ചന്തുണ്ണി, അമ്മിണി വയനാട് (ആദിവാസി വനിത പ്രസ്ഥാനം), ഷെരീഫ് സുൽത്താൻബത്തേരി (ജില്ലാ പ്രസിഡണ്ട്, വെൽഫെയർ പാർട്ടി), മുഹമ്മദ് ഷെഫീക്ക്( ഫ്രട്ടേനിറ്റി മൂവ്മെൻറ്) പി.കെ വേണു (പട്ടികവർഗ മഹാസഭ), ഡോ: പി.ജി ഹരി (മനുഷ്യാവകാശ പ്രവർത്തകൻ), പി.ടി കൃഷ്ണൻ (ആറളം ഫാം ഗോത്ര ജനസഭ ) സുരേഷ് ( കേരള ദളിത് പാന്തേഴ്സ് ) ഭാസ്കരൻ തലക്കുളം (ആദിവാസി ദളിത് മുന്നേറ്റ സമിതി) ജി ജിഷ്ണു ( ആദിവാസി സമ്മർ സ്കൂൾ ) ബാബു എല്ലം കൊല്ലി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.