ഞാൻ പ്രതിഷേധിച്ചത് സാധാരണക്കാർക്ക് വേണ്ടി; മുഴുവൻ പെൻഷൻ തുകയും ലഭിക്കണം -മറിയക്കുട്ടി
text_fieldsഅടിമാലി: സർക്കാർ നൽകിയിരുന്ന പെൻഷൻ മുടങ്ങിയതോടെ തെരുവിൽ ഭിക്ഷയാചിച്ച് വാർത്തകളിൽ ഇടംപിടിച്ച ഇരുന്നൂറേക്കർ പൊന്നെടുക്കാൻപാറ മറിയക്കുട്ടി(87)ക്ക് ക്ഷേമ പെൻഷൻ ലഭിച്ചു. അടിമാലി സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയാണ് ഒരു മാസത്തെ പെൻഷൻ കൈമാറിയത്.
ഇത്രയും കാലമായി പെൻഷൻ മുടങ്ങികിടക്കുകയാണെന്നും എന്നിട്ടും ഒരു മാസത്തെ പെൻഷൻ തുക മാത്രമാണ് ലഭിച്ചതെന്നും മറിയക്കുട്ടി പറഞ്ഞു. ‘മുഴുവൻ പെൻഷൻ തുകയും ലഭിക്കണം. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭിക്കണം’ -മറിയക്കുട്ടി പറഞ്ഞു.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും പൊളിഞ്ഞപാലം താണികുഴിയിൽ അന്ന ഔസേപ്പും (80) തെരുവിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു. ഇരുവരുടെയും പ്രതിഷേധം വലിയ രീതിയിൽ പൊതുസമൂഹം ഏറ്റെടുത്തു. മറിയക്കുട്ടിക്ക് ക്ഷേമപെൻഷനും അന്നക്ക് ഈറ്റത്തൊഴിലാളി പെൻഷനുമാണ് ലഭിക്കാനുള്ളത്. ഇതിൽ അന്നയുടെ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല.
അതിനിടെ, മറിയക്കുട്ടി സമ്പന്നയാണെന്ന രീതിയിൽ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത വന്നത് വിവാദമായിരുന്നു. പിന്നീട് പത്രം തിരുത്ത് നൽകി മുഖം രക്ഷിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, സുരേഷ് ഗോപി തുടങ്ങിയവർ മറിയക്കുട്ടിയെ സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ നൽകിയത്. ജുലൈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് നൽകിയത്. ബാക്കി മൂന്നുമാസത്തെ തുക നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.