അസ്ഥികൂടം വൈക്കത്തു നിന്ന് കാണാതായ യുവാവിന്റേത് ?; ഡി.എൻ.എ പരിശോധന നടത്തും
text_fieldsകോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ ആളൊഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടം വൈക്കത്തുനിന്ന് കാണാതായ യുവാവിേൻറതെന്ന് പൊലീസ്. കുടവെച്ചൂർ വെളുത്തേടത്ത് ചിറ ഹരിദാസിെൻറ മകൻ ജിഷ്ണു ഹരിദാസിെൻറ (23) മൃതദേഹാവശിഷ്ടങ്ങളാണ് ഇതെന്നാണ് നിഗമനം. ഡി.എൻ.എ പരിശോധനക്ക് ശേഷമേ ഇക്കാര്യം നൂറുശതമാനം ഉറപ്പിക്കാനാവൂ എന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫ് അറിയിച്ചു.
സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം ജിഷ്ണുവിേൻറതെന്ന് സ്ഥിരീകരിച്ചത്. ഈ ഫോണിൽ ജിഷ്ണുവിെൻറ സിം തന്നെയാണ് ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. മൃതദേഹാവശിഷ്ടങ്ങളിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും ജിഷ്ണുവിെൻറ പഴ്സും ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൂന്നുപവെൻറ സ്വർണമാല കണ്ടെത്തിയിട്ടില്ല. കുമരകത്തെ ബാർ ഹോട്ടലിൽ കമ്പ്യൂട്ടർ വിഭാഗം ജോലിക്കാരനായ ജിഷ്ണുവിനെ ജൂൺ മൂന്നു മുതലാണ് കാണാതായത്. ജോലിക്ക് പോകുന്നു എന്നു പറഞ്ഞു വീട്ടിൽനിന്ന് പോയതാണ്. തിരിച്ചെത്താത്തതിനെ തുടർന്ന് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർസെൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ചെങ്ങളത്തുവെച്ച് ഓഫായതായി കണ്ടെത്തി.
പിന്നീട് ഓണായിട്ടില്ലെന്നാണ് വൈക്കം പൊലീസ് നൽകുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലം വൃത്തിയാക്കുന്നതിനിടെ മരത്തിനു കീഴിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തല വേർപെട്ട നിലയിലായിരുന്നു. മരത്തിൽ തുണികൊണ്ടുള്ള കുരുക്ക് ഉണ്ടായിരുന്നു. പാൻറ്സും ബെൽറ്റും അടിവസ്ത്രവും ശരീരത്തിലുണ്ടായിരുന്നു. ഷർട്ട് ഉണ്ടായിരുന്നില്ല. ഒരു ജോടി ചെരിപ്പ് സമീപത്തെ വാട്ടർ ടാങ്കിനടുത്തുനിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം അഴുകിയതോടെ കുരുക്ക് പൊട്ടി താഴെ വീണതാകാമെന്ന് കരുതുന്നു. ഡി.എൻ.എ പരിശോധനക്ക് ശേഷമേ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകൂ. ശോഭനയാണ് മാതാവ്. സഹോദരൻ: വിഷ്ണു (ഗൾഫ്).
ഒഴിയാതെ ദുരൂഹത
കോട്ടയം: ആളെ തിരിച്ചറിഞ്ഞെങ്കിലും മരണം സംബന്ധിച്ച് ദുരൂഹതയൊഴിയുന്നില്ല. കുമരകത്തേക്ക് ജോലിക്ക് പോയ ആൾ എങ്ങനെ മറിയപ്പള്ളിയിലെത്തി എന്നതിനു കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ജിഷ്ണുവിെൻറ വീട്ടുകാരിൽനിന്നും ജോലിസ്ഥലത്തലടക്കമുള്ള കൂട്ടുകാരിൽനിന്നും ഇതു സംബന്ധിച്ച് മൊഴിയെടുക്കുമെന്ന് വൈക്കം പൊലീസ് അറിയിച്ചു. കൃത്യമായ ധാരണയുള്ളവർക്കേ ഈ കാടുപിടിച്ച വിജനമായ സ്ഥലത്ത് എത്താനാവൂ.
സാഹിത്യപ്രവർത്തക സഹകരണ സംഘത്തിെൻറ പ്രസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു പിന്നിലായി നാലേക്കറോളം സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നത്. കഞ്ചാവ്, ലഹരി മാഫിയ സംഘങ്ങളുടെ താവളമാണ് ഇവിടം. ഏറുമാടം കെട്ടിയാണ് കഞ്ചാവ് സംഘങ്ങൾ തമ്പടിച്ചിരുന്നത്. നാട്ടുകാരുടെ പരാതി ശക്തമായതോടെ പൊലീസ് ഏറുമാടം നശിപ്പിക്കുകയായിരുന്നു.
തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
ഗാന്ധിനഗർ (കോട്ടയം): പ്രാഥമിക പരിശോധനയിൽ തൂങ്ങിമരണമാണെന്നാണ് വ്യക്തമാകുന്നതെന്ന് അസ്ഥികൂടം പരിശോധിച്ച കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോക്ടർമാർ അറിയിച്ചു. കൊലപാതകം എന്നു കരുതാവുന്നതായ ലക്ഷണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഡി.എൻ.എ പരിേശാധനക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.