പതിനായിരങ്ങൾ സംഗമിച്ചു; മര്‍കസ് റൂബി ജൂബിലിക്ക് സമാപനം
text_fieldsകോഴിക്കോട്: ഒഴുകിയെത്തിയ പതിനായിരങ്ങൾ തീര്‍ത്ത മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. നാല്‍പതാണ്ടില്‍ മര്‍കസ് നേടിയ വളര്‍ച്ചയും കരുത്തും വ്യക്തമാക്കുന്നതായിരുന്നു സമാപന സമ്മേളനം. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖരും സമസ്തയുടെ നേതൃനിരയും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. പ്രൗഢമായ സെഷനുകളുടെ പരിസമാപ്തി കൂടിയായിരുന്നു നാലു ദിവസം നീണ്ടുനിന്ന സനദ്ദാന സമ്മേളനം. സമ്മേളനത്തില്‍ 1261പേര്‍ക്ക് മതമീമാംസയില്‍ സഖാഫി ബിരുദവും, 103 പേര്‍ക്ക് ബിരുദാനന്തര ബിരുദവും, ഖുര്‍ആന്‍ മനഃപാഠമാക്കിയ 198 പേര്‍ക്ക് ഹാഫിള് പട്ടവും നല്കി.
വൈകീട്ട് നാലിന് ആരംഭിച്ച സമാപന സമ്മേളനം യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസൻറ് ചെയര്മാന് ഡോ. ശൈഖ് ഹംദാന്‍ മുസല്ലം അല്‍ മസ്റൂഇ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നയപ്രഖ്യാപന-, സനദ്ദാന പ്രഭാഷണം നടത്തി. അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. തുനീഷ്യയിലെ സൈതൂന യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. ഹിഷാം അബ്ദുല്‍ കരീം ഖരീസ സനദ്ദാനം നിര്‍വഹിച്ചു.
മലേഷ്യന്‍ ഇസ്ലാമിക് ഫൗണ്ടേഷന് മേധാവി ഡോ. യുസ്രി മുഹമ്മദ്, തുനീഷ്യയുടെ മുന്‍ വൈസ് പ്രസിഡൻറ് ശൈഖ് അബ്ദുല്‍ ഫത്താഹ് മോറോ, ഉസ്ബകിസ്താന്‍ മുഫ്തി ശൈഖ് മുസഫര്‍ സത്തിയൂഫ്, ഐവറി കോസ്റ്റ് മുസ്ലിം പണ്ഡിത സഭയുടെ പ്രതിനിധി ശൈഖ് അബ്ദുല്‍ അസീസ് സര്‍ബ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസ് വിഷന്‍ അവതരിപ്പിച്ച് സംസാരിച്ചു.
ദുബൈ ആഭ്യന്തര വകുപ്പ് അസിസ്റ്റൻറ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, യുനെസ്കോ കുവൈത്ത് പ്രതിനിധി ശൈഖ് ഇബ്രാഹിം ഹംസ അഹ്മദ് അല്‍ ശുക്രി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, ശൈഖ് അബ്ദുല്ല സാലിം അഹമദ് ദന്‍ഹാനി, ശൈഖ് സുൽത്താന്‍ ശറഹി യു.എ.ഇ, ശൈഖ് അലി സൈനുല്‍ ആബിദീന്‍ മലേഷ്യ, ചൈനീസ് സൂഫി സെൻറര്‍ പ്രസിഡൻറ് ലിയൂ ച്വാങ് ചൈന, ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ചിത്താരി ഹംസ മുസ്ലിയാര്, എ.പി. മുഹമ്മദ് മുസ്ലിയാര് കാന്തപുരം, മലാമിന്‍ ജിബ്രീങ് ഓമറോ (കാമറൂണ്‍), അലി അബ്ദുല്‍ ഖാദര്‍ (ന്യൂസിലൻഡ്), ഡോ. മുഹമ്മദ് ഉസ്മാന് ശിബിലി(യു.എസ്.എ), പേരോട് അബ്ദുറഹ്മാന് സഖാഫി, ഡോ. ഫാറൂഖ് നഈമി, സി.എം. ഇബ്രാഹീം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര് എന്നിവര്‍ സംസാരിച്ചു. സി. മുഹമ്മദ് ഫൈസി സ്വാഗതവും ജി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ലൈഫ്സ്റ്റൈൽ കോണ്‍ഫറന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വി.ആര്. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് മണിക്ക് നടന്ന ഉലമ സമ്മേളനത്തില്‍ ഹോംങ്കോങ്ങിലെ ഇസ്ലാമി മുസ്ലിം പണ്ഡിത സഭ നേതാവ് ഹാഫിള് ഖാരി ശുഐബ് നൂഹ് ആലിം മഹ്ദരി മുഖ്യാതിഥിയായി. മഹല്ല് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്, സൗത്ത് സോണ്‍ പണ്ഡിത സമ്മേളനം എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.