വിലയിൽ പൊള്ളി വിപണി
text_fieldsകൊച്ചി: ഇന്ധന വിലക്കൊപ്പം സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്കും വില കയറുന്നു. ഒാണം കഴിഞ്ഞതോടെ പഴം, പച്ചക്കറി ഇനങ്ങളിൽ ചിലതിന് വില കുറഞ്ഞു തുടങ്ങിയെങ്കിലും അരി, ഉള്ളി, വെളിച്ചെണ്ണ, ശർക്കര തുടങ്ങിയ പല ഇനങ്ങളുടെയും ഉയർന്നു നിൽക്കുകയാണ്. ഇന്ധനവില സർവകാല റെക്കോഡിലേക്ക് നീങ്ങുേമ്പാൾ വരും ദിവസങ്ങളിൽ വിലക്കയറ്റം കൂടുതൽ ഉൽപന്നങ്ങളെ ബാധിക്കാനാണ് സാധ്യത.
സർക്കാർ ഇടപെടലും വിലക്കയറ്റം തടയാൻ സഹായകമായിട്ടില്ല. രണ്ടര മാസത്തിനിടെ പെട്രോൾ വില ഏഴ് മുതൽ ഒമ്പത് രൂപ വരെയും ഡീസൽ വില അഞ്ച് രൂപയിലധികവും വർധിച്ചു. ജൂലൈ ഒന്നിന് പെട്രോൾ വില ലിറ്ററിന് 65.69 രൂപയും ഡീസലിന് 57.11 രൂപയുമായിരുന്നു. ഞായറാഴ്ച കൊച്ചിയിൽ പെട്രോളിന് 72.76 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില.
തിരുവനന്തപുരത്ത് ഇത് യഥാക്രമം 74 രൂപയും 63.47 രൂപയുമായി. പത്ത് ദിവസത്തിനിടെ മാത്രം പെട്രോൾ വില ലിറ്ററിന് ഒരു രൂപയിലധികം വർധിച്ചു. പാചകവാതക വിലയിലും ഗണ്യമായ വർധനവുണ്ടായി. സബ്സിഡി സിലിണ്ടറിന് ജൂലൈ ഒന്നിന് 473 രൂപയായിരുന്നത് ഇപ്പോൾ 489 രൂപയാണ്. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ യാത്രനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ 14ന് സമരം തുടങ്ങുകയാണ്. വാടക ഉയർത്തണമെന്ന് ലോറി ഉടമകളും ആവശ്യപ്പെടുന്നുണ്ട്.
ജൂലൈ ഒന്നിന് കിലോക്ക് 147 രൂപയായിരുന്ന വെളിച്ചെണ്ണ വില 175 രൂപയിലെത്തി. ചിലയിടങ്ങളിൽ 180 രൂപ വരെ ഇൗടാക്കുന്നുണ്ട്. കൊപ്ര ക്ഷാമമാണ് വിലവർധനവിന് കാരണമായി പറയുന്നത്.
ഇന്നത്തെ നില തുടർന്നാൽ വൈകാതെ 200 രൂപയിലെത്തുമെന്നാണ് സൂചന. മിക്ക പച്ചക്കറി ഇനങ്ങൾക്കും വില അൽപം താഴ്ന്നിട്ടുണ്ടെങ്കിലും ഉള്ളിവില ഇപ്പോഴും 80--90 രൂപയിൽ നിൽക്കുന്നു. വെള്ളക്കടല 140, കുത്തരി 50, പച്ചരി 30--32, പഞ്ചസാര 41--42 എന്നിങ്ങനെയാണ് കൊച്ചിയിലെ വില. കടലക്ക് ഗുണനിലവാരമനുസരിച്ച് 80 മുതൽ 100 രൂപ വരെ വിലയുണ്ട്.
ഏത്തക്കായക്ക് കിലോക്ക് 60 മുതൽ 66 രൂപ വരെയാണ് വില. ഞാലിപ്പൂവൻ, കദളി ഇനങ്ങൾക്ക് കിലോക്ക് 75 രൂപക്ക് മുകളിലാണ് വില. പഴം വിപണിയിൽ ആപ്പിൾ വിലനിലവാരം 100-110 രൂപയാണ്. ഇറക്കുമതി ചെയ്ത ആപ്പിളിന് 200 രൂപ വരെയും ഒാറഞ്ചിന് 150-200 രൂപയും വിലയുണ്ട്.
സ്വർണവില ഒരു മാസത്തിനിടെ പവന് 1200 രൂപ വർധിച്ചു. ഒരു മാസം മുമ്പ് പവന് 21,520 രൂപയായിരുന്നത് ഇപ്പോൾ 22,720 രൂപയാണ്. ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വരുേമ്പാൾ നൂറിലധികം ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും പത്തെണ്ണത്തിന് മാത്രമേ കുറഞ്ഞിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.