ആലി മുസ്ലിയാരുടെ രക്തസാക്ഷിത്വത്തിന് നൂറ് വയസ്സ്
text_fieldsമലപ്പുറം: 1922 ഫെബ്രുവരി 17 ശനിയാഴ്ച. പുലര്‍ച്ച കോയമ്പത്തൂര്‍ ജയിലധികൃതര്‍ പണ്ഡിതനായ ആ വയോധികനോട് വിനയത്തോടെ ഇങ്ങനെ ചോദിച്ചു- അന്ത്യാഭിലാഷമായി അങ്ങ് എന്താണ് ആഗ്രഹിക്കുന്നത്? ഒരു നിമിഷത്തെ മൗനം. തുടർന്ന് എനിക്ക് നമസ്കരിക്കാനുള്ള സൗകര്യം ചെയ്ത് തന്നാല്‍ മാത്രം മതി എന്ന് മറുപടി. ആ ഇരിപ്പില്‍ തന്നെ ഇരുകരങ്ങളും ഉയര്‍ത്തി ആലി മുസ്ലിയാർ പ്രാര്‍ഥനയില്‍ മുഴുകി. പൊന്നാനിയില്‍ 10 വര്‍ഷവും മക്കയില്‍ ആറു വര്‍ഷവും മതപഠനം നടത്തിയ ആ സൂഫീവര്യന്‍ അൽപസമയത്തിനകം തൂക്കിലേറ്റപ്പെട്ടു.
സൂര്യനസ്തമിക്കാത്ത വൈദേശിക മേധാവിത്വത്തിന്റെ കിരാതഭരണം ആറ് മാസത്തേക്കെങ്കിലും അവസാനിപ്പിക്കാന്‍ പോന്ന സമരരാഗ്നിയുടെ ജ്വാല മലബാറിലാകെ വ്യാപിപ്പിച്ച സമരയോദ്ധാവ് ഇതോടെ ചരിത്രമാവുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഖിലാഫത്ത് വളന്റിയര്‍മാരെ വിട്ടയക്കണമെന്ന ആവശ്യവുമായി സ്റ്റേഷനില്‍ ചെന്ന ആലി മുസ്ലിയാരുടെ സംഘത്തിനുനേരെ പൊലീസ് വെടിയുതിർത്തു. കൈയില്‍ കിട്ടിയ കത്തിയും വടിയും വേലിത്തറിയുമായി മാപ്പിളപ്പോരാളികള്‍ തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. എങ്കിലും അവസാനം, താന്‍ ജോലി ചെയ്യുന്ന പള്ളി വളഞ്ഞ് ആലി മുസ്ലിയാരെയും ഏതാനും അനുയായികളെയും വെള്ളപ്പട്ടാളം പിടികൂടി.
1921 നവംബര്‍ രണ്ടിന് മാര്‍ഷല്‍ ലോ കോടതി കോഴിക്കോട്ട് പ്രത്യേക വിചാരണ നടത്തി. അഡ്വ. എ.വി. ബാലകൃഷ്ണമേനോനെ പ്രതികള്‍ക്ക് വേണ്ടി ഏര്പ്പാടാക്കിക്കൊടുത്തിരുന്നെങ്കിലും തങ്ങള്‍ക്ക് വേണ്ടി വാദിക്കേണ്ടതില്ലെന്നായിരുന്നു ആലി മുസ്ലിയാര് മേനോനോട് പറഞ്ഞത്. മുസ്ലിയാരടക്കം 13 പേരെ തൂക്കിക്കൊല്ലുക, മൂന്നുപേരെ നാട് കടത്തുക, 14 പേരെ ജീവപര്യന്തം ജയിലിലടക്കുക, എട്ട് പേരെ ജീവപര്യന്തം നാട് കടത്തുക, എല്ലാ പ്രതികളുടെയും സര്‍വ സ്വത്തുക്കളും പിടിച്ചെടുത്ത് സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടുക ഇതായിരുന്നു വിധി. പ്രതികളുടെ അപ്പീല്‍ സ്വീകരിച്ചില്ല. പ്രതികളെ കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി. 1922 ഫെബ്രുവരി 17ന് പുലര്‍ച്ച തൂക്കിലേറ്റി.
കോയമ്പത്തൂരിലെ ശുക്റാന്‍ പേട്ടില്‍ മറവ് ചെയ്യപ്പെട്ട ആലി മുസ്ലിയാര്‍ക്ക് അവിടെ നിർമിച്ച സ്മാരകം 1957ല്‍ അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്രമന്ത്രി പ്രഫ. ഹുമയൂണ്‍ കബീര്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നെല്ലിക്കുത്തിലെ ഏരിക്കുന്നൻ പാലത്തുംവീടായിരുന്നു മുസ്ലിയാരുടെ തറവാട്. നെല്ലിക്കുത്തിൽ ഈ പോരാളിയുടെ പേരില്‍ ഒരു ചരിത്ര സ്മാരകമുണ്ട്. മഞ്ചേരി നഗരസഭ സി.പി.എം ഭരിച്ചിരുന്ന ഘട്ടത്തില്‍ ജനകീയാസൂത്രണകാലത്ത് നിർമിച്ചതാണിത്.
പിന്നീട് ഭരണത്തിലേറിയവരും സാംസ്കാരിക പ്രവര്‍ത്തകരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വായനക്കും പഠനത്തിനും ഏറെ പ്രാധാന്യം നല്‍കുകയും അനീതിക്കും അക്രമത്തിനുമെതിരെ പൊരുതുകയും ചെയ്ത മഹാ വിപ്ലവകാരിയുടെ നാമധേയത്തില്‍ ഉയര്‍ന്ന സ്മാരകം അടുക്കിവെച്ച ചെങ്കല്ലുകളും ബോര്‍ഡുമായി ചുരുങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.