പാനൂരിലെ രക്തസാക്ഷി സ്മാരക മന്ദിരം; പിന്മാറ്റത്തെ കുത്തി സൈബറിടം
text_fieldsകണ്ണൂർ: പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജുവിന്റെയും സുബീഷിന്റെയും സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിട്ടുനിന്നതിനെ ചൊല്ലി സൈബറിടത്തിൽ വിമർശനം. ഭരണത്തേയും സർക്കാറിനേക്കാളും വലുതാണ് ഓരോ സഖാവിനും പ്രസ്ഥാനമെന്നും രക്തസാക്ഷികൾ കഴിഞ്ഞിട്ടേ ബാക്കി എന്തും ഉള്ളൂവെന്നും ഓർമപ്പെടുത്തി ഫേസ്ബുക്കിൽ നേതൃത്വത്തെ പരോക്ഷമായി ചോദ്യം ചെയ്യുകയാണ് പാർട്ടി അണികൾ.
‘പ്രിയ സഖാക്കളുടെ ജീവനും അതിനേക്കാൾ കൂടുതൽ സഖാക്കളുടെ ജീവിതവും പണയംവെക്കേണ്ടി വന്ന ഇന്നലെകളെ മറക്കാൻ ഞങ്ങളെക്കൊണ്ട് സാധിക്കുന്നതല്ല. അതൊന്നുംതന്നെ മറവിയുടെ മാറാലക്കുരുക്കിൽപെട്ട് ഇല്ലാതാവാനും പോകുന്നില്ലെന്ന്’ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ പ്രതി പ്രദീപൻ മൊകേരി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു താഴെ ഒട്ടേറെ പ്രവർത്തകരാണ് കമന്റുകളായി പാർട്ടിയെ പരോക്ഷമായി ഉന്നംവെക്കുന്നത്.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി.പി.എം നിർമിച്ച രക്തസാക്ഷി മന്ദിരം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതിനനുസരിച്ച് ശിലാഫലകവും തയാറാക്കി. അവസാന നിമിഷമാണ് ഉദ്ഘാടകനായി ജില്ല സെക്രട്ടറി എം.വി. ജയരാജനെ നിശ്ചയിച്ചത്. ബോംബ് നിർമാണത്തിനിടെ മരിച്ചവരെ രക്തസാക്ഷികളാക്കിയത് ദേശീയ മാധ്യമങ്ങൾവരെ വാർത്തയാക്കിയപ്പോഴാണ് കണ്ണൂരിലുണ്ടായിട്ടും സംസ്ഥാന സെക്രട്ടറി പിൻമാറിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.