മറുനാടൻ മലയാളി അവതാരകൻ സുദർശ് നമ്പൂതിരി കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച് വാർത്ത അവതരിപ്പിച്ചുവെന്ന കേസിൽ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലെ ജീവനക്കാരൻ സുദർശ് നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫിസിലെത്തിയാണ് സുദർശ് നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പി.വി. ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പോർട്ടൽ ഉടമയായ ഷാജൻ സ്കറിയ നൽകിയ ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്. അതിനിടെയാണ് ഷാജന്റെ കൂട്ടാളിയായ സുദർശ് നമ്പൂതിരിയെ മറ്റൊരു കേസിൽ പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുമ്പ് ജോലി ചെയ്ത ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ പീഡന കേസിലെ ഇരയായ പെൺകുട്ടിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വാർത്ത ചെയ്തുവെന്നാണ് പരാതി. ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. സുദർശ് നമ്പൂതിരി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ പരാതിനല്‍കിയ യുവതിക്കെതിരെയായിരുന്നു ഭാരത് ലൈവിലെ വാർത്ത. കേസില്‍ പ്രതികളായ സുദര്‍ശ് നമ്പൂതിരി, സുമേഷ് മാര്‍ക്കോപോളോ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, വാര്‍ത്തകള്‍ നല്‍കും മുമ്പ് സത്യമെന്തെന്ന് അന്വേഷിക്കാന്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടമയുണ്ടെന്ന് ഓർമപ്പെടുത്തിയിരുന്നു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളിലുള്ള വിശ്വാസം തകര്‍ക്കണോയെന്ന് ഇത്തരം ചാനലുകള്‍ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞിരുന്നു.
ഒരു വനിതാനേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചതായും ഇതിന് സമ്മതിക്കാത്തതിന് മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതിക്കെതിരെ ഭാരത് ലൈവ് ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്ത നല്‍കിയത്. എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, മറുനാടൻ മലയാളി അടച്ചുപൂട്ടിക്കുമെന്ന് പറഞ്ഞ പി.വി. അൻവർ എം.എൽ.എയുടെ പകപോക്കൽ നടപടിയുടെ ഭാഗമാണ് സുദർശന്റെ അറസ്റ്റെന്ന് മറുനാടൻ പ്രതികരിച്ചു. ‘ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ ജോലിചെയ്ത വേളയിലുണ്ടായ വാർത്തയുടെ പേരിൽ കൊച്ചി ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുദർശ് നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്. കേസിന് ആധാരമായ വാർത്ത വായിച്ചതു സുദർശ് നമ്പൂതിരി ആയിരുന്നില്ല. സുമേഷ് മാർക്കോപ്പോളോ എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്കെതിരെ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏതാനും ആഴ്‌ച മുമ്പാണ് സുദർശ് നമ്പൂതിരി മറുനാടനിൽ ചേർന്നത്. സ്റ്റേറ്റ്മെന്റ് എടുക്കാനെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. പി.വി. അൻവറിന്റെ നുണകൾ പൊളിച്ചുകൊണ്ട് സുദർശ് നമ്പൂതിരി വാർത്ത അവതരിപ്പിച്ചതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ പൊലീസ് നടപടി’ -മറുനാടൻ മലയാളി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.