ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ഹൈകോടതി; അറസ്റ്റ് തടയണമെന്ന ഹരജിയിൽ വിധി വെള്ളിയാഴ്ച
text_fieldsകൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും ഹൈകോടതി. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ഹൈകോടതി തിങ്കളാഴ്ച ആവർത്തിച്ചു. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്ത് ഷാജൻ സ്കറിയ നൽകിയ ഹരജിയിലാണ് കോടതിയുടെ വിമർശനം. തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട ഹരജിയാണ് ജസ്റ്റിസ് രാജ വിജയ രാഘവൻ പരിഗണിച്ചത്. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്നാരോപിച്ച് എം.എൽ.എ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസെടുത്തത്.
വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്‍റെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. ഷാജന്‍ മനഃപൂര്‍വം വ്യക്തികളെ അവഹേളിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കിയാണ് ഇയാള്‍ ജീവിക്കുന്നത്. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വാര്‍ത്ത ദലിത് പീഡന നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാൽ, പട്ടിക വിഭാഗം സംവരണ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എയായ താൻ ആ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ടാണ് അവഹേളനമെന്ന് ശ്രീനിജിൻ ചൂണ്ടിക്കാട്ടി. കൊലപാതകിയെന്ന് പോലും ആക്ഷേപമുണ്ടായതായി ശ്രീനിജിന്‍റെ അഭിഭാഷകൻ പറഞ്ഞു. അറസ്റ്റ് തടയണമെന്ന ഷാജന്‍റെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ഹരജി വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.