സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു
text_fieldsകോട്ടയം: ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിലും വിദ്യാഭ്യാസ മേഖലയിലും ചരിത്രം സൃഷ്ടിച്ച മേരിറോയ് അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അവശതകളെത്തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപക കൂടിയായ അവരുടെ അന്ത്യം വ്യാഴാഴ്ച രാവിലെ 9.15ന് കാമ്പസിലെ സ്വന്തം കോട്ടേജിലായിരുന്നു. ബുക്കർ സമ്മാന ജേതാവ് അരുന്ധതി റോയി മകളും ബിസിനസുകാരനായ ലളിത് റോയ് മകനുമാണ്. തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് മേരി റോയിയെ ലോകമറിഞ്ഞത്. 1986ൽ കോടതി തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം റദ്ദാക്കിയതോടെ പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമായി.
കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. സൂസി ഐസക്കാണ് മാതാവ്. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽനിന്ന് ബിരുദം നേടി. കൊൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് വിവാഹം ചെയ്തത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി. ഈ കെട്ടിടത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട് സഹോദരനുമായി ഉണ്ടായ തർക്കമാണ് അവരെ നിയമ പോരാട്ടത്തിലെത്തിച്ചത്. കേസ് ജയിച്ചതിലൂടെ കിട്ടിയ ഊട്ടിയിലെ കോട്ടേജ് വിറ്റുകിട്ടിയ പണം കൊണ്ട് അവർ കോട്ടയത്ത് കളത്തിപ്പടിയിൽ 1967-ൽ കോർപ്പസ് ക്രിസ്റ്റി എന്ന വിദ്യാലയം സ്ഥാപിച്ചു. ഇപ്പോൾ പള്ളിക്കൂടം എന്നറിയപ്പെടുന്ന വിദ്യാലയം പ്രശസ്ത ശിൽപി ലാറി ബേക്കറാണ് രൂപകൽപന ചെയ്തത്. സിലബസിന് പുറമേ കലയും തൊഴിലുമെല്ലാം അഭ്യസിപ്പിക്കുന്ന പള്ളിക്കൂടം ലോകശ്രദ്ധനേടി.
അമ്മക്ക് സമർപ്പിച്ചിരിക്കുന്ന അരുന്ധതിയുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' ബുക്കർ സമ്മാനം നേടിയതോടെ ലോകമാധ്യമങ്ങൾ മേരിറോയിയെയും സ്വന്തം ഗ്രാമമായ അയ്മനത്തെയും തേടിവന്നു. 85ാം വയസ്സിൽ സഹോദരനുമായുള്ള പിണക്കം തീർത്ത മേരി റോയ് പിതൃസ്വത്തായി കിട്ടിയവയിൽ ഒരു ഭാഗം അദ്ദേഹത്തിന് വിട്ട് നൽകിയതും വാർത്തയായി. സഹോദരനെതിരെയല്ല, നിയമത്തിലെ സ്ത്രീവിവേചനത്തിനെതിരെയാണ് താൻ കേസ് കൊടുത്തതെന്ന് അവർ വിശദീകരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ചടങ്ങിൽ കുടുംബാംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഒമ്പതുവരെ വീട്ടിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ചക്ക് 12വരെ പള്ളിക്കൂടം കാമ്പസിലെ എം.ആർ ബ്ലോക്കിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ലളിത് റോയ്, അരുന്ധതിറോയ്, മരുമകൾ മേരിറോയി ജൂനിയർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.