മേരി റോയിക്ക് നിത്യനിദ്ര
text_fieldsകോട്ടയം: 'ഒറ്റക്കൊരു ലോകം കെട്ടിപ്പടുത്ത അമ്മ എനിക്ക് അത്ഭുതമായിരുന്നു. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അമ്മ. മേരി റോയിയുടെ മകളായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു'. വികാര നിർഭരമായ വാക്കുകളിൽ പ്രിയപ്പെട്ട അമ്മക്ക് യാത്രയയപ്പ് നൽകി മകൾ അരുന്ധതി റോയ്.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കോട്ടയം കളത്തിപ്പടി പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വീടിന് സമീപത്താണ് മേരി റോയിക്ക് നിത്യനിദ്ര ഒരുക്കിയത്. മേരി റോയിയുടെ ആഗ്രഹ പ്രകാരം സ്വകാര്യമായിട്ടായിരുന്നു സംസ്കാര ചടങ്ങ്. വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ചക്കു 12 വരെ പള്ളിക്കൂടം സ്കൂളിനോടു ചേർന്ന കോട്ടേജിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. തുടർന്നായിരുന്നു സംസ്കാരം. പൊതുദർശനത്തിനൊടുവിൽ പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ജില്ല കലക്ടർ പുഷ്പചക്രം അർപ്പിച്ചു. സംസ്കാര ചടങ്ങുകള്‍ക്ക് മുമ്പുതന്നെ സഹോദരന് ജോര്‍ജ് ഐസക്കും ഭാര്യ സൂസി ജോര്‍ജും എത്തി അന്തിമോപചാരമര്‍പ്പിച്ചു.
ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചാണ് മേരി റോയിക്ക് വിട ചൊല്ലിയത്. ഈ സഹോദരനുമായാണ് മേരി റോയ് സ്വത്തുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തന്റെ അമ്മയും സഹോദരനും ഒരേസമയം ശത്രുക്കളും സുഹൃത്തുക്കളുമായിരുന്നുവെന്ന് അരുന്ധതി റോയ് പറഞ്ഞു. മാത്രമല്ല, കോട്ടയത്തെ മികച്ച ഗായകരുമായിരുന്നു. ഇരുവരും ഒന്നുചേര്‍ന്ന് ഗാനം ആലപിച്ചിട്ടുണ്ടെന്നും പറഞ്ഞതിനു പിന്നാലെ ജോര്‍ജും സൂസിയും ചേര്‍ന്ന് ക്വയര്‍ ഗാനം ആലപിക്കുകയായിരുന്നു. മേരി റോയിക്കു ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പൂര്‍വ വിദ്യാര്‍ഥികളും ബന്ധുക്കളും സുഹൃത്തുക്കളും പള്ളിക്കൂടത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.