മസാല ബോണ്ട് നിയമസഭയിൽ ചർച്ച ചെയ്യും; ദുരൂഹതയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: മസാല ബോണ്ട് നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്ക വെ ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം സഭയെ അറിയിച്ചത്.
മസാല ബോണ്ട് സർക്കാറിന് കടുത്ത സാമ്പത്തിക ബാധ്യതയു ണ്ടാക്കുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ. ശബരീനാഥ് ആരോപിച്ചു. ബോണ്ട് സംബന്ധിച്ച് ദുരൂഹതയും അവ്യക്തതയും ഉണ്ട്. എസ്.എൻ.സി ലാവലിനുമായ ബന്ധമുള്ള പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യുവുമായി നടത്തിയ വഴിവിട്ട ഇടപാടാണിത്. അവിഹിത ലാഭം ഉണ്ടാക്കാനായി ഏർപ്പെട്ട ഇടപാടാണെന്നും ശബരീനാഥ് ആരോപിച്ചു.
വായ്പക്ക് ഇടാക്കുന്ന 9.723 ശതമാനം പലിശ എന്നത് കൂടിയ നിരക്കാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും. 2150 കോടി രൂപ ഏഴ് വർഷം കൊണ്ട് അടച്ച് തീരുമ്പോൾ ആയിരത്തോളം കോടി രൂപ പലിശ ഇനത്തിൽ നൽകേണ്ടി വരും. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പകൾ സാധാരണ ചെറിയ പലിശ നിരക്കാണുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തെ പശ്ചാത്തലസൗകര്യ വികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ രാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് നേട്ടം.
ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിെൻറ റിസ്ക്. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടം 3,500 കോടി രൂപ വിദേശ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.
കിഫ്ബി മസാല ബോണ്ട് ആകെ ദുരൂഹമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മസാല ബോണ്ട് വിറ്റ ശേഷമാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ മാർച്ച് 29ന് തന്നെ കനഡയിൽ വെച്ച് ബോണ്ട് സി.ഡി.പി.ക്യു കമ്പനിക്ക് പ്രൈവറ്റായി ഇഷ്യൂവായി നൽകിയിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി. സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുയർത്തിയ അദ്ദേഹം മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികൾ ആകെ ദുരൂഹമാണെന്ന് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ആരോപിച്ചു.
ജനങ്ങളെ വൻ കടക്കെണിയിൽ തള്ളുന്ന ഇടപാടിനെക്കുറിച്ച് അറിയാൻ ജനങ്ങൾക്കും പ്രതിപക്ഷത്തിനും അവകാശമുണ്ട്. മന്ത്രിസഭയും ഇടതു മുന്നണിയും ഇത് ചർച്ച ചെയ്തിട്ടില്ല. ബജറ്റിന് പുറത്തുള്ളതാണെങ്കിലും കിഫ്ബി വിഷയം നിയമസഭ അറിയണം. എസ്.എൻ.സി ലാവലിൻ കമ്പനിയിൽ 20 ശതമാനം ഷെയർ സി.ഡി.പി.ക്യുവിന് ഉണ്ട്. ലാവലിൻെറ പ്രതിരൂപമാണ് സി.ഡി.പി.ക്യു. ലാവലിൻ കമ്പനിയെ സഹായിക്കാൻ എന്ത് ബാധ്യതയാണുള്ളത്. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ടുനിന്നത്.
ധനമന്ത്രി നാല് കള്ളം പറഞ്ഞു. ചെറിയ പലിശയാണെന്നാണ് പറഞ്ഞത്. കൊള്ളപ്പലിശയാണ് നിശ്ചയിച്ചത്. 1045 കോടി അധിക ബാധ്യത ഇതുമൂലം വരും. സി.ഡി.പി.ക്യു കമ്പനി പ്രതിനിധികൾ കേരളത്തിൽ ആരൊക്കെയായി ചർച്ച നടത്തിയെന്ന് വ്യക്തമാക്കണം. കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മണിയടിച്ചത്. എല്ലാ കമ്പനികൾക്കും മണിയടിക്കാനാകും.
തനിക്ക് കയറിൽ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തികശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയത്. പ്രതിപക്ഷനേതാവിനെ വിഡ്ഢിയെന്നും മണ്ടനെന്നുമാണ് ധനമന്ത്രി വിളിച്ചത്. ഇത് നിലവാരമില്ലാത്ത നടപടിയാണ്. സംസ്ഥാനത്തെ പണയപ്പെടുത്തിയ ധനമന്ത്രിയാകും ഐസക്. കേരളത്തെ പണയപ്പെടുത്തിയല്ല വികസനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.