മസാല ബോണ്ട്: ഇ.ഡി അന്വേഷണം കേരളത്തിനെതിരെ മാത്രമെന്ന് കിഫ്ബി
text_fieldsകൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസ്ഥാപനങ്ങളും വിദേശത്ത് മസാല ബോണ്ട് ഇറക്കിയിട്ടുണ്ടെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണം കേരളത്തിനും കിഫ്ബിക്കുമെതിരെ മാത്രമെന്ന് കിഫ്ബി ഹൈകോടതിയിൽ. ദേശീയപാത അതോറിറ്റിയും (എൻ.എച്ച്.എ.ഐ) ദേശീയ താപോർജ കോർപറേഷനുമടക്കം (എൻ.ടി.പി.സി) വിദേശത്ത് മസാല ബോണ്ട് ഇറക്കിയിട്ടുണ്ട്. എന്നാൽ, അധികാരപരിധി മറികടന്ന് കേരളത്തിനും കിഫ്ബിക്കുമെതിരെ ഇ.ഡി അന്വേഷണം നടത്തുകയാണെന്ന് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാത്തർ ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് വഴി കിഫ്ബി സ്വരൂപിച്ച പണം 356 അടിസ്ഥാന പദ്ധതികൾക്കായാണ് വിനിയോഗിച്ചത്. പലിശസഹിതം തുക തിരിച്ചടക്കുകയും ചെയ്തു. ബാങ്ക് മുഖേനയുള്ള ഇടപാടുകളുടെ റിപ്പോർട്ട് ഓരോ മാസവും റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. ഫണ്ട് ദുരുപയോഗം കണ്ടെത്തിയിട്ടില്ല. ഉണ്ടെങ്കിൽതന്നെ അതന്വേഷിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണ്. എന്നാൽ, ഇ.ഡി സ്വമേധയാ കേസെടുക്കുകയും സമൻസ് അയക്കുകയും ചെയ്യുന്നു. ഇത് അനുചിതമാണ്.
നിരന്തരം സമൻസയച്ച് കക്ഷികളെ പീഡിപ്പിക്കുകയാണ്. കിഫ്ബി സി.ഇ.ഒയായ മുൻ ചീഫ് സെക്രട്ടറിയെക്കൊണ്ട് 800 പേജുകളിൽ ഒപ്പുവെപ്പിച്ചു. മൂന്നുവർഷമായിട്ടും ഒരു നിയമലംഘനവും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇ.ഡി സമൻസുകൾ റദ്ദാക്കണമെന്നും കിഫ്ബി ആവശ്യപ്പെട്ടു. തുടർന്ന് കേന്ദ്രസർക്കാറിന്റെ മറുപടിക്കായി ഹരജി 17ലേക്ക് മാറ്റി.
കിഫ്ബി മസാല ബോണ്ടിൽ വിദേശനാണ്യ വിനിമയച്ചട്ട ലംഘനം നടന്നോയെന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഇ.ഡി നൽകിയ സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും മുൻ മന്ത്രി ടി.എം. തോമസ് ഐസക്കും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.