തോമസ് ഐസക്കിനെ വിളിപ്പിക്കൽ: ഇടപെടാതെ ഡിവിഷൻ ബെഞ്ച്
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയച്ചട്ട ലംഘനമുണ്ടോയെന്ന അന്വേഷണ ഭാഗമായി മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഭേദഗതി ചെയ്യാതെ ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീലിൽ തെരഞ്ഞെടുപ്പിനുശേഷം വിശദവാദം കേൾക്കും. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാണെന്നത് കണക്കിലെടുത്തായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
എല്ലാ രേഖകളും ഇ.ഡിക്ക് കൈമാറിയതിനാൽ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിനുമുമ്പ് ഹാജരാകണമെന്ന് തിരക്ക് കൂട്ടേണ്ടതുണ്ടോയെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ശ്വാസംവിടാനുള്ള സമയംപോലും നൽകാതെ തുടർച്ചയായി സമൻസുകൾ അയക്കുകയാണ്. ഒരേ കാര്യങ്ങൾ ആവർത്തിക്കുകയാണ് ഇ.ഡി എന്നും ബോധിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് നോട്ടീസുകൾ അയച്ചപ്പോഴും തോമസ് ഐസക് ഹാജരായിരുന്നില്ലെന്ന് ഇ.ഡിക്കായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വാദിച്ചു. നിയമവിഷയത്തിൽ ഇടപെടാൻ രാഷ്ട്രീയം ഒരു കാരണമല്ല. വ്യക്തതവേണ്ട കാര്യങ്ങളിൽ ഒരു വ്യക്തിയെ വിളിച്ചുവരുത്താൻ ഇ.ഡിക്ക് അധികാരമുണ്ട്. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോയെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.