മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാകാതെ കുഴല്നാടന്
text_fieldsതിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ഹരജിക്കാരനായ മാത്യു കുഴല്നാടന് എം.എല്‍.എ. കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സി.എം.ആര്.എല്ലിന് അവിഹിതമായി സഹായംചെയ്തു എന്ന് കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ആവശ്യമായ ഒന്നും ഹരജിക്കാരന് നല്‍കാനായില്ല. വ്യാഴാഴ്ച കുഴല്നാടന് ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്ന കാര്യം വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാര ഹരജി വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് മാറ്റി.തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിർദേശിക്കുന്ന കലക്ടറുടെ കത്ത്, കെ.എം.ഇ.ആര്.എല്ലിന്റെ പക്കലുള്ള അധികഭൂമിക്ക് ഇളവനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരെ ഹൈകോടതി നല്കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദ പരിശോധന നിർദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് ഇവയാണ് മാത്യു കുഴല്നാടന് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ വീണ്ടും സി.എം.ആര്.എലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി.
സി.എം.ആര്.എലിന്റെ അപേക്ഷ സര്‍ക്കാര്‍ വീണ്ടും തള്ളിയ സ്ഥിതിക്ക് എന്ത് സഹായമാണ് മുഖ്യമന്ത്രി ഇടപെട്ട് സി.എം.ആര്.എല്ലിന് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് മാത്യു കുഴല്നാടന് കഴിഞ്ഞില്ല. ഹരജിയിലെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരകമാണെന്നും അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമുള്ള മുന്‍ നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ചു.
കര്‍ത്തയുടെ കമ്പനിയായ സി.എം.ആര്.എല്ലിന്റെ സഹോദര സ്ഥാപനമായ കെ.എം.ഇ.ആര്.എല്ലിന്റെ പക്കലുള്ള അധിക ഭൂമിയില്‍ ഖനനത്തിന് ഇളവ് അനുവദിക്കണമെന്ന കര്‍ത്തയുടെ അപേക്ഷ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ നല്‍കിയിരുന്നു. സര്‍ക്കാറിനോ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനത്തിനോ മാത്രമേ ഖനനാനുമതി നല്‍കാവൂ എന്ന ശക്തമായ കേന്ദ്ര നിയമത്തെ തുടര്‍ന്ന് കര്‍ത്തയുടെ അപേക്ഷ പലതവണ തള്ളി. പിണറായി മുഖ്യമന്ത്രി ആയ ശേഷം എത്തിയ അപേക്ഷ പരിഗണിച്ച് വേണ്ടത് ചെയ്യാന്‍ നിർദേശിച്ച് റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് നല്കി. അപേക്ഷ പരിശോധിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി കര്‍ത്തയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് മാത്രം നിർദേശിച്ച് തള്ളി. ഇതിനെതിരെ കര്‍ത്ത ഹൈകോടതിയെ സമീപിച്ചു.
സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ഇല്ലെന്നാരോപിച്ച് ഹൈകോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കര്‍ത്തയുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിർദേശിച്ചു. വീണ്ടും പരിഗണിച്ച റവന്യൂ വകുപ്പ് കാര്യകാരണങ്ങള്‍ വ്യക്തമാക്കി കര്‍ത്തയുടെ അപേക്ഷ നിരസിച്ചു.
നിലവിലെ പ്രോജക്റ്റ് അനുയോജ്യമല്ലെന്നും പുതിയ പ്രോജക്റ്റുമായി വന്നാല്‍ പരിഗണിക്കാമെന്നുമുള്ള ഉത്തരവിലെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് കര്‍ത്തക്ക് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന വാദം ഹരജിക്കാരന് ഉയര്‍ത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എല്‍. രഞ്ജിത്കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.