മാസപ്പടി: ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെങ്കിലേ പരാതി നിലനിൽക്കൂ -ഹൈകോടതി
text_fieldsകൊച്ചി: മാസപ്പടി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെങ്കിൽ മാത്രമേ പരാതി നിലനിൽക്കൂവെന്ന് ഹൈകോടതി. മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ വാക്കാൽ നിരീക്ഷണം.
മുഖ്യമന്ത്രിയും മകളും യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സി.എം.ആർ.എൽ കമ്പനിയിൽനിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയാണ് വിജിലൻസ് കോടതി തള്ളിയത്. ഹരജിക്കാരന്റെ വാദം പൂർത്തിയാക്കിയ കോടതി സർക്കാറിന്റെ എതിർവാദത്തിന് സെപ്റ്റംബർ 18ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാത്തതിന്റെ പേരിൽ വിജിലൻസ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നാണ് ഹരജിക്കാരന്റെ വാദം. സർക്കാർ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹരജിക്കാരന്റെ വാദം കേൾക്കാതെയുമാണ് വിജിലൻസ് ഉത്തരവ്. ഈ സാഹചര്യത്തിൽ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ വിജിലൻസ് കോടതിക്ക് നിർദേശം നൽകണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഈ ഘട്ടത്തിലാണ് ആരോപണത്തിൽ കഴമ്പുണ്ടെങ്കിലേ പരാതി നിലനിൽക്കൂവെന്ന കോടതിയുടെ വാക്കാൽ നിരീക്ഷണം.
അറസ്റ്റല്ല, ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് നിർദേശിക്കുന്ന സുപ്രീം കോടതി ഉത്തരവുകളുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഉത്തരവുകളുടെ പകർപ്പുകളും കോടതിക്ക് കൈമാറി. ആവശ്യം തള്ളണമെന്ന് നിർദേശിച്ച് മൂന്ന് കോടതി ഉത്തരവുകൾ സർക്കാറിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഹാജരാക്കി. തുടർന്ന്, സർക്കാറിന്റെ എതിർ വാദത്തിന് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.