മാസപ്പടിയിലെ മൊഴിയെടുപ്പ്; ഒത്തുതീർപ്പിൽ ചുറ്റിക്കറങ്ങി വാദപ്രതിവാദം
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച കത്തുന്നതിനിടെ, മാസപ്പടിക്കേസിൽ ഏറെക്കാലത്തെ നിശ്ശബ്ദതക്കു ശേഷമുണ്ടായ എസ്.എഫ്.ഐ.ഒയുടെ മൊഴിയെടുക്കൽ വീണ്ടും രാഷ്ട്രീയ വാദപ്രതിവാദത്തിന് വഴിതുറക്കുന്നു.
നാടകമെന്നും ഒത്തുതീർപ്പെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ ആർ.എസ്.എസ് ഡീൽ ആരോപണം പൊളിഞ്ഞെന്ന പ്രതിവാദമുന്നയിച്ചാണ് സി.പി.എം പ്രതിരോധം.
എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയിട്ട് 10 മാസമാകുകയാണ്. അന്വേഷണ റിപ്പോർട്ട് എന്തു തന്നെയായാലും കോടതിയിൽ ചോദ്യചെയ്യപ്പെടും. റിപ്പോർട്ടിൽ എതിർ കക്ഷികളുടെ മൊഴിപോലുമില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നിലനിൽക്കില്ല. ഈ സാഹചര്യത്തിൽ നടപടി ക്രമങ്ങളിലെ കുറവും വിടവും പൂർത്തിയാക്കലല്ലാതെ വീണയുടെ മൊഴിയെടുക്കൽകൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഒരു പടി കൂടി കടന്ന് ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ വീണ്ടും ബി.ജെ.പി - സി.പി.എം പോര് ജനത്തെ ബോധ്യപ്പെടുത്താനുള്ള പൊടികൈയാണെന്നും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഇവർ തുറന്നടിക്കുന്നു.
അതേസമയം, മുഖ്യമന്ത്രിക്ക് ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നവർക്കുള്ള മറുപടിയായാണ് സി.പി.എം മൊഴിയെടുക്കലിനെ അവതരിപ്പിക്കുന്നത്. ആർ.എസ്.എസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെങ്കിൽ കേന്ദ്ര ഏജൻസിയിൽനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുമോ എന്നാണ് സി.പി.എം ചോദ്യം. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നത്തിലും പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്ന് പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.
കേസിന്റെ നാൾവഴികളും ഏറ്റെടുത്ത ഏജൻസികളുടെ സ്വഭാവവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഒത്തുതീർപ്പ് ആരോപണം കടുപ്പിക്കുന്നത്. ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകൾ ആദ്യം നടത്തിയ അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന കുറ്റങ്ങൾ കണ്ടെത്തിയിരുന്നു. പക്ഷേ, രജിസ്ട്രാർ ഓഫ് കമ്പനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം ആദ്യം പ്രഖ്യാപിച്ചത്. കോടതി ഇടപെടലിലാണ് പിന്നീട് മറ്റ് അന്വേഷണങ്ങൾ വന്നത്. കേന്ദ്രത്തിന്റെ ഈ ഉദാരസമീപനം അടിവരയിട്ടാണ് ഇപ്പോഴത്തെ നീക്കവും ഒത്തുതീർപ്പായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന്, ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാസപ്പടി വിവാദം ആളിക്കത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്വേഷണം നിലച്ചു. ഇതിനിടെ നിയമസഭയിൽ വിഷയമെത്തിയപ്പോൾ വൈകാരികമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.