ഇ.ഡി മുതൽ എസ്.എഫ്.ഐ.ഒ വരെ; ചുരുളഴിക്കാൻ അന്വേഷണ പരമ്പര
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമാണെങ്കിലും മാസപ്പടി വിവാദത്തിൽ നടക്കുന്നത് അന്വേഷണ പരമ്പരകൾ. ഇ.ഡി അടക്കം നാല് അന്വേഷണ വിഭാഗങ്ങളാണ് ഇതിനോടകം മാസപ്പടിയിലെ ചുരളഴിക്കാനെത്തിയത്. കമ്പനികാര്യ മന്ത്രാലയം ജനുവരിയിൽ തുടങ്ങിയ അന്വേഷണമാണ് എസ്.എഫ്.ഐ.ഒയിലും ഇ.ഡിയിലും എത്തിയത്. 2024 ജനുവരിയിലാണ് ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകൾ വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതിനിരോധന നിയമം അനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന ഇടപാടുകൾ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. കമ്പനി നിയമത്തിലെ ഒട്ടേറെ ലംഘനങ്ങളുണ്ടെന്നും കണ്ടെത്തി. എന്നാൽ, കമ്പനി നിയമത്തിലെ 210 (ഒന്ന്) പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
ഈ സാഹചര്യത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണമാവശ്യപ്പെട്ട് കോടതിയിൽ ഹരജിയെത്തി. പിന്നീടാണ് ഗുരുതര നിയമലംഘനങ്ങൾ നടന്നെന്ന വിലയിരുത്തലിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയത്. അപ്പോഴും കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയവ എസ്.എഫ്.ഐ.ഒയുടെ നേരിട്ടുള്ള അന്വേഷണത്തിൽ വരില്ല. ഇതോടെയാണ് ഇ.ഡി, എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റര് ചെയ്തത്. ആദ്യ അന്വേഷണം നടത്തിയ ബംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ ശിപാർശപ്രകാരമായിരുന്നു ഇത്.
വിവാദങ്ങളുടെ തുടക്കം ഇങ്ങനെ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി സൊലൂഷൻ കമ്പനിയായ എക്സാലോജിക്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മൂന്നു വർഷത്തിനിടെ 1. 72 കോടി രൂപ കൈപ്പറ്റിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് ആധാരം. മാർക്കറ്റിങ് കൺസൽട്ടൻസി, ഐ.ടി സേവനങ്ങൾ എന്നിവക്കായി 2016 ഡിസംബറിലാണ് വീണയുടെ എക്സാലോജിക്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി. എം.ആർ.എൽ) കരാറുണ്ടാക്കുന്നത്. ഇതിനു പുറമേ, 2017 മാർച്ചിൽ സോഫ്റ്റ്വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി മറ്റൊരു കരാറുമുണ്ടാക്കി.
ഇവയനുസരിച്ച് 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് സി.എം.ആർ.എൽ നൽകിയതെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെതിരെ കരിമണൽ കമ്പനി ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെ സമീപിച്ചത്. ഒരു വർഷത്തെ പരിശോധനക്കു ശേഷം ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധിതീർപ്പ് റിപ്പോർട്ടിലൂടെയാണ് വിവാദമായ 1.72 കോടി വിവരം പുറത്തുവരുന്നതും മാസപ്പടിയായി കത്തിപ്പടർന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.