മാസപ്പടി: പ്രതിപക്ഷ വേട്ടയാക്കി പ്രതിരോധിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്രനീക്കത്തെ രാഷ്ട്രീയ പകപോക്കൽ വാദമുന്നയിച്ച് ചെറുക്കാൻ സി.പി.എം.
കേന്ദ്രത്തിന് അനഭിമതരായ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കേന്ദ്രാന്വേഷണ പരമ്പരകളിലേക്ക് വീണ വിജയനെതിരായ നീക്കത്തെയും കണ്ണിചേർത്ത് രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ ഇക്കാര്യം അടിവരയിടുന്നു.
വിവാദമുയർന്ന ഘട്ടത്തിലെ ‘രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന’ ആദ്യ വിശദീകരണത്തിൽ നിന്ന് കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടയെന്ന പുതിയ ലൈനിലേക്കുള്ള ചുവടുമാറ്റത്തിൽ വിവാദത്തെ പാർട്ടി എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച കൃത്യമായ സൂചനയുണ്ട്. പിണറായി വിജയന്റെ മകൾ എന്ന നിലയിലെ അന്വേഷണമാണെന്നും പിണറായിയെ ഇതിൽ നിന്ന് കിഴിച്ചാൽ പിന്നെ ഒന്നുമുണ്ടാകില്ലെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് വിഷയം ആയുധമാക്കാതിരിക്കാനുള്ള പഴുതുകൾ കൂടി അടച്ചാണ് സി.പി.എം നീക്കം. കോൺഗ്രസ്, ആം ആദ്മി നേതാക്കൾക്കെതിരെയടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നുണ്ടെന്നും പക്ഷേ, കോൺഗ്രസ് അവസരവാദ നിലപാടാണ് സ്വീകരിക്കുന്നതെന്നുമുള്ള സെക്രട്ടറിയുടെ പരാമർശം ഒരു മുഴം മുന്നേയുള്ള ഏറാണ്.
എക്സാലോജിക്കിനെതിരെ ഇപ്പോഴുള്ള അന്വേഷണത്തിന് കാരണക്കാരനായ പരാതിക്കാരൻ കോൺഗ്രസിനും ബി.ജെ.പിക്കും വേണ്ടപ്പെട്ടയാളാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാമ്പുറത്ത് അവിശുദ്ധ ഇടപെടലുകളാണ് പ്രതിപക്ഷം സംശയിക്കുന്നത്. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസവും കെ. മുരളീധരൻ ഞായറാഴ്ചയും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടുപോകുമെന്നുള്ളത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കുമെന്നും തങ്ങൾ ഇതിൽ വലിയ ആവേശം കാണിക്കുന്നില്ലെന്നുമാണ് മുരളീധരൻ വ്യക്തമാക്കിയത്. ലാവലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിൽ ഒത്തുതീർപ്പ് വഴിയിലെ അടുത്ത പേര് മാത്രമാണ് എക്സാലോജിക് എന്നാണ് കോൺഗ്രസ് നിലപാട്.
‘ഭയമില്ല, അന്വേഷണം നടക്കട്ടെ’
തിരുവനന്തപുരം: എക്സാലോജികിനെതിരായ കേന്ദ്ര അന്വേഷണത്തിൽ ഭയമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എക്സാലോജിക് പാർട്ടിക്ക് ഏതെങ്കിലും തരത്തിൽ എക്സ്ട്രാ ബാധ്യതയല്ല. അന്വേഷണം നടക്കട്ടെയെന്നും നാലുമാസം കഴിഞ്ഞ് നോക്കാമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.