മാസപ്പടി: നോട്ടീസ് വരട്ടെയെന്ന് മുഖ്യമന്ത്രി, ‘ആളെ കൊണ്ടുപോയി കരിങ്കൊടി കാട്ടി ദൃശ്യങ്ങളെടുക്കുന്നത് മാധ്യമപ്രവർത്തനമല്ല’
text_fieldsകൊച്ചി: മാസപ്പടി വിവാദത്തിൽ ഹൈകോടതിയുടെ നോട്ടീസ് വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ മുഖ്യമന്ത്രി, മകൾ വീണ വിജയൻ എന്നിവരുൾപ്പെടെ 12 പേർക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി ഉത്തരവിട്ടതിനെക്കുറിച്ച് നവകേരള സദസ്സിനോടനുബന്ധിച്ച വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടേണ്ടെന്നും താൻ നോക്കിക്കോളാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലുവയിൽ മാധ്യമപ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതിനെക്കുറിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്യാത്തതിന്റെ ഭാഗമായി വല്ലതും സംഭവിക്കുന്നുണ്ടോ എന്നറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങൾ ഇത്തരം ആളുകളെയും സംഘടിപ്പിച്ച് പോകുന്നതാണ് പലപ്പോഴും കാണുന്നത്.
നിങ്ങൾക്ക് കരിങ്കൊടി കാണിക്കേണ്ട ആവശ്യമില്ല. ആളെ സംഘടിപ്പിച്ച് കൊണ്ടുപോയി കരിങ്കൊടി കാണിച്ച് ദൃശ്യങ്ങളെടുക്കുന്നത് മാധ്യമപ്രവർത്തനത്തിൽപെട്ടതല്ല. ചിലയിടങ്ങളിൽ അങ്ങനെയും കണ്ടു. എവിടെയും ആരെയും ഉപദ്രവിക്കുന്നതായി താൻ കണ്ടില്ല. ബസിന് മുന്നിൽ ചാടിവീണുള്ള പ്രതിഷേധം അവസാനിച്ചതായിരുന്നു. പക്ഷേ, കഴിഞ്ഞദിവസം വീണ്ടും കണ്ടു. ആലുവയിൽ നടന്നത് തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ടതല്ല. മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം ശ്രദ്ധയിലില്ല. ഉണ്ടെങ്കിൽ അത് പ്രത്യേകം അന്വേഷിക്കേണ്ടതാണ്.
പരാതികളെല്ലാം സർക്കാറിനയച്ച് വിശദീകരണം ചോദിക്കുക എന്നത് ഗവർണർ ചെയ്യേണ്ട കാര്യമല്ല. മറുപടി കൊടുക്കാൻ സർക്കാറിന് ബാധ്യതയുമില്ല. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ നവകേരള സദസ്സ് വൻ വിജയമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.