മാസപ്പടി: മാത്യു കുഴൽ നാടൻ നിലപാടു മാറ്റി, കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി
text_fieldsതിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ നിലപാട് മാറ്റി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം.എൽ.എയുമായ മാത്യു കുഴൽനാടൻ.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ട് കേസെടുത്താൽ മതിയെന്നാണ് കുഴൽനാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കേസിൽ ഏപ്രിൽ 12ന് കോടതി വിധിപറയും.
അതേസമയം, ഹരജിക്കാരന്റെ നിലപാട് മാറ്റത്തിലൂടെ ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വിജിലൻസിനായി ഹാജരായ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി കേസിൽ വിധി പറയുന്നത് ഏപ്രിൽ 12ലേക്ക് മാറ്റി. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹരജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസെടുപ്പിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സി.എം.ആർ.എൽ എം.ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുള്ള കര്‍ത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സി.എം.ആർ.എല്ലുമായി കരാറിലേർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി ഇടപെട്ട് റവന്യൂ വകുപ്പിനോട് അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിർദേശിച്ചതായി ഹരജിക്കാരന്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.