മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ വിജിലൻസ് അന്വേഷണത്തിനായുള്ള ഹരജിയിൽ വിധി ഇന്ന്
text_fieldsതിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജിയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. ധാതുമണൽ ഖനനത്തിനായി സി.എം.ആർ.എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലൻസ് നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തു. ആദായനികുതി സെറ്റിൽമെൻ്റ് ബോർഡിന്‍റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹർജികള്‍ നേരത്തെ തീർപ്പാക്കിയതാണെന്നുമാണ് സർക്കാർ കോടതിയില്‍ വാദിച്ചത്.
ഇതിനിടെ, മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. ഇ.ഡി കൊച്ചി യൂനിറ്റാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ഇ.ഡി, എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
കേന്ദ്ര സർക്കാറിന്‍റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെയും (എസ്.എഫ്.ഐ.ഒ) ആദായ നികുതി വകുപ്പിന്‍റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സ്, കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍), സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി അടക്കം അന്വേഷണ പരിധിയിൽ വരും. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കും.
മാസപ്പടി വിവാദത്തിൽ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ഹൈകോടതി, അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. കരിമണല്‍ കമ്പനിയായ സി.എം.ആർ.എല്ലില്‍നിന്ന് എക്സാലോജിക് കമ്പനി സേവനം നൽകാതെ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന കേസ് എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനിടെയാണ് ഇപ്പോൾ ഇ.ഡിയും കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.